തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സമരവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂർ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തു. പൂജപ്പുര ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. രാഹുൽ മാങ്കൂട്ടത്തിൽ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും മെഡിക്കൽ പരിശോധന നടത്തിയപ്പോഴുള്ള റിപ്പോർട്ട്.
പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു. എന്നാൽ ഇവയ്ക്കൊന്നും വഴങ്ങാതെ പൊലീസ് നടപടി ക്രമങ്ങളുമായി അതിവേഗം മുന്നോട്ടുപോയി.
ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി.
അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇത്രനാൾ തിരുവനന്തപുരത്തും ഇന്നലെ കൊല്ലത്തും എല്ലാം കൺമുന്നിൽ ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലർച്ചെ വീട് കയറിയത് എന്തിനെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം.