എന്തുകൊണ്ട് തുടരുന്നു? സർക്കാർ വസതി ഒഴിയാൻ നോട്ടീസ്,തുടരാൻ അനുവദിക്കണമെന്ന് മഹുവ മൊയ്ത്ര

തനിക്ക് അനുവദിച്ച സർക്കാർ വസതിയിൽ തുടരുന്നതിനുള്ള അഭ്യർത്ഥനയുമായി ഡിഒഇയെ സമീപിക്കാൻ ഡൽഹി ഹൈക്കോടതി മഹുവയോട് ജനുവരി 4ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വസതി ഒഴിയാൻ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് അയച്ചത്.

0
159

ന്യൂഡൽഹി: എം പി സ്ഥാനം നഷ്ടമായതിന് ശേഷവും മഹുവ എന്തുകൊണ്ടാണ് ഇപ്പോഴും സർക്കാർ വസതിയിൽ തുടരുന്നതെന്ന്
സർക്കാർ. ബംഗ്ലാവ് ഒഴിയാത്തതിന് മുൻ തൃണമൂൽ ലോക്‌സഭാ എംപി മഹുവ മൊയ്‌ത്രയ്ക്ക് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് അയച്ചിരിക്കുകയാണ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവയുടെ അലോട്ട്‌മെന്റ് റദ്ദാക്കിയതോടെ ജനുവരി ഏഴിനകം വീട് ഒഴിയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ഡിഒഇ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. “എന്തുകൊണ്ടാണ് ഇപ്പോഴും സർക്കാർ വസതി ഒഴിയാത്തത് എന്നതിന് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്‌ത്രയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്,” വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ തനിക്ക് അനുവദിച്ച സർക്കാർ വസതിയിൽ തുടരുന്നതിനുള്ള അഭ്യർത്ഥനയുമായി ഡിഒഇയെ സമീപിക്കാൻ ഡൽഹി ഹൈക്കോടതി മഹുവയോട് ജനുവരി 4ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വസതി ഒഴിയാൻ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് അയച്ചത്.

ഡിസംബർ 8-ന് ആണ് എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്. പിന്നാലെ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശ പ്രകാരം മഹുവയെ എം പി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ പ്രതിപക്ഷം വലിയ പ്രതിഷേധം സഭയിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടെ എത്തിക്‌സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ ആരോപിച്ചു.