‘എന്റെ വേഷം ബിജു മേനോന് നൽകാൻ തീരുമാനിച്ചു, അപ്പോൾ ഞാൻ ചാ‌ടി വീണു’ ; സമ്മർ ഇൻ ബദ്ലഹേം സിനിമയെക്കുറിച്ച് ജയറാം

എന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് അഞ്ച് പെൺകുട്ടികളു‌ടെ കൂടെയുള്ള പാട്ടായിരുന്നു

0
386

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. സിനിമകളിൽ നിന്നും ഇടവേളകളെടുത്ത സമയത്തും ജയറാമിന്റെ ഓരോ വിശേഷങ്ങളിലും മലയാളികളും പങ്കുചേർന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് ജയറാം. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ഓസ്ലറിലൂടെയാണ് ജയറാമിന്റെ തിരിച്ചുവരവ്. തുടരെ പരാജയ സിനിമകൾ വന്നതോടെയാണ് മാറി നിൽക്കാൻ നടൻ തീരുമാനിക്കുന്നത്. ജയറാമിന് ഒരു തിരിച്ച് വരവ് സാധ്യമല്ലെന്ന് പലരും വിധിയെഴുതി. എന്നാൽ അതെല്ലാം മാറ്റി മറിക്കുന്നതാണ് ജയറാമിന്റെ തിരിച്ചു വരവ്.

ഇപ്പോഴിതാ കരിയറിലെ തന്റെ സുവർണകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. സമ്മർ ഇൻ ബദ്ലഹേം എന്ന സിനിമയെക്കുറിച്ചാണ് നടൻ സംസാരിച്ചത്. ഈ സിനിമ ആദ്യം തമിഴിൽ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും, എന്നാൽ അതിൽ തടസം നേരിട്ടതിനാലാണ് മലയാളത്തിൽ സിനിമ എത്തിയതെന്നും ജയറാം പറയുന്നു.

സിനിമ ആദ്യം എന്നെയും പ്രഭുവിനെയും വെച്ച് തമിഴിൽ ചെയ്യാനിരുന്നത്. സുരേഷ് ​ഗോപിയുടെ വേഷമായിരുന്നു പ്രഭുവിന്. ഷൂട്ടിം​ഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞു. പാട്ട് ഷൂട്ട് ചെയ്തു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മുമ്പോട്ട് പോകാൻ പറ്റാതായപ്പോൾ ഷൂട്ടിം​ഗ് നിർത്തേണ്ടി വന്നു. ഇത് നമുക്ക് പെട്ടെന്ന് മലയാളത്തിൽ ചെയ്താൽ എങ്ങനെയിരിക്കുമെന്ന് സിബി ചോദിച്ചു’. അങ്ങനെ മലയാളത്തിൽ ചെയ്യാൻ തീരുമാനിച്ചു.

സുരേഷ് ​ഗോപി ചെയ്ത വേഷം ഞാനും എന്റെ വേഷം ബിജു മേനോനും നൽകാനായിരുന്നു തീരുമാനം. അപ്പോൾ ഞാൻ ചാ‌ടി വീണു. എനിക്ക് ഈ വേഷം മതിയെന്ന് പറഞ്ഞു. അതാണ് പ്രധാനമെന്ന് പറഞ്ഞെങ്കിലും ഈ വേഷം മതിയെന്ന് ഞാൻ. എന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് അഞ്ച് പെൺകുട്ടികളു‌ടെ കൂടെയുള്ള പാട്ടായിരുന്നു. അതെന്റെ കൈയിൽ നിന്ന് പോകും. അങ്ങനെ സുരേഷേട്ടനോട് ചോദിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു’ ജയറാം പറഞ്ഞു.

കൺഫ്യൂഷൻ തീർക്കണമേ എന്ന ​ഗാനരം​ഗത്തിനു പിന്നിലെ വിശേഷങ്ങളും ജയറാം ഓർത്തു. അഞ്ച് പെൺകുട്ടികളുമായുള്ള പാട്ട് റെക്കോഡ് ചെയ്ത് ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ട് ഹിറ്റാകുമെന്ന് അറിയാമായിരുന്നു, കൺഫ്യൂഷൻ തീർക്കണമേ എന്ന ഈ ഗാനരം​ഗത്തിന്റെ അവസാന ഭാ​ഗം സിനിമയിൽ കാണുന്നത് പോലെ ആയിരുന്നില്ല. പെൺകുട്ടികളോരുത്തരായി എന്റെ വസ്ത്രങ്ങൾ അഴിക്കും. അവസാനം അണ്ടർവെയറിന്റെ വള്ളി മഞ്ജു വന്ന് അഴിക്കും. പിന്നെ അത് വേണ്ടെന്ന് വെച്ചു. തന്നെ പൊക്കിക്കൊണ്ട് പോകുന്നതാക്കി സീൻ മാറ്റിയെന്നും ജയറാം വ്യക്തമാക്കി.