നിയമങ്ങൾ കർശനമാക്കുന്നു: ഒരാഴ്ച്ചയ്ക്കിടെ സൗദി നാടുകടത്തിയത് 8,292 പ്രവാസികളെ, 17,376 അറസ്റ്റ്

നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

0
151

റിയാദ്: സൗദി അറേബ്യയില്‍ നിയമങ്ങളും പരിശോധനകളും കർശനമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വിവധ നിയമ ലംഘനങ്ങൾ നടത്തിയ 8,292 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. ഇതിനുപുറമെ 17,376 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്.

സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 10,689 താമസ നിയമലംഘകരും 3,894 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,793 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 722 പേർ പിടിയിലായി. ഇവരിൽ 34 ശതമാനം യമനികളും 63 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 74 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.

46,583 നിയമ ലംഘകരുടെ കേസുകൾ യാത്രാരേഖകൾ ലഭിക്കാൻ അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 2,337 നിയമലംഘകരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 8,292 നിയമലംഘകരെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.