മുംബൈ: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തി. വിരാട് കോലിയും ടീമിലുണ്ട്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്‍ നിര്‍ത്തിയാണ് ഇരുവരും ടീമിലെത്തിയത്. സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. കോലിയു രോഹിത്തും ടീമില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം ഇരുവരും ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയിരുന്നു.
മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഈ മാസം 11നാണ് ആരംഭിക്കുന്നത്. 14നും 17നുമാണ് പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങൾ നടക്കുന്നത്. അഫ്ഗാനിസ്താൻ നേരത്തെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി, നവീൻ ഉൽ ഹഖ് എന്നിവരിടം നേടിയിട്ടുണ്ട്. അതേസമയം പരുക്കിന്റെ പിടിയിലായ സ്പിന്നാർ റാഷിദ് ഖാൻ കളിക്കില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍.