ബിൽക്കിസ് ബാനു കേസ്: ഗുജറാത്ത് സർക്കാരിന് രൂക്ഷവിമർശനം, ​പ്രതികളുടെ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. വാദം കേൾക്കുന്നതിനിടെ ​ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. ​ഗുജറാത്ത് സർ‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

0
271

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി. ശിക്ഷായിളവ് റദ്ദാക്കിയ സാഹചര്യത്തിൽ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകും. പ്രതികളെ വിട്ടയയ്ക്കാനുള്ള ​ഗുജറാത്ത് സർക്കാരിന്റെ ഉത്തരവാണ് സുപ്രീം കോടതി റ​ദ്ദാക്കിയത്.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ​ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. ​ഗുജറാത്ത് സർ‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ല, പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണം, ചില പ്രതികളെ മാത്രം തെരഞ്ഞുപിടിച്ച്‌ ശിക്ഷാഇളവ്‌ നൽകുന്നത്‌ എന്തുകൊണ്ട്? മാനസാന്തരത്തിനുള്ള അവസരം എല്ലാ പ്രതികൾക്കും ഒരുപോലെ നൽകണം, സർക്കാർ കാരണങ്ങൾ ബോധിപ്പിച്ചില്ലെങ്കിൽ കോടതിക്ക് സ്വന്തം നിഗമനങ്ങളിൽ എത്തേണ്ടി വരും,
യഥാർത്ഥരേഖകൾ സർക്കാർ കോടതിയിൽ ഹാജരാക്കണം എന്നിങ്ങനെയായിരുന്നു കേസിലെ കോടതി നീരീക്ഷണങ്ങൾ.