കേരളത്തിലെ ദേശീയപാത വികസനം ആട്ടിമറിക്കാൻ ശ്രമിച്ചത് ബിജെപി നേതാക്കൾ, കുത്തിത്തിരിപ്പിന് ചരട് വലിച്ചത് വി മുരളീധരൻ

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വികസനം മതിയെന്നായിരുന്നു അന്നത്തെ ബി ജെ പിയുടെ പ്രധാന ആവശ്യം. എം പിയായിരുന്ന വി മുരളീധരനും ഇതേ ആവശ്യം ഉന്നയിച്ച് ​ഗഡ്കരിയെ കണ്ടിരുന്നു.

0
886

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലായ ദേശീയപാത വികസനത്തിന് തടയിടാൻ കേന്ദ്രമന്ത്രി വി മുരളീധരനും ബി ജെ പി നേതാക്കളും ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കാൻ ശ്രമിച്ചത്‌ ബി ജെ പി നേതാക്കൾ ആണെന്നതിന്റെ രേഖകളാണ് ഇപ്പൊ പുറത്ത് വന്നത്. 2018 സെപ്തംബർ 14-ന് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻപിള്ള ദേശീയപാത സ്ഥലമേറ്റെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിക്ക് അയച്ച കത്താണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വികസനം മതിയെന്നായിരുന്നു അന്നത്തെ ബി ജെ പിയുടെ പ്രധാന ആവശ്യം. എം പിയായിരുന്ന വി മുരളീധരനും ഇതേ ആവശ്യം ഉന്നയിച്ച് ​ഗഡ്കരിയെ കണ്ടിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ വേഗം കുറയ്ക്കാനാണ്‌ ബിജെപി അന്ന് ശ്രമിച്ചത്‌. ഇതേത്തുടർന്ന് ബാക്കിയുള്ള പ്രവൃത്തികൾ തെരഞ്ഞെടുപ്പിനുശേഷം നടത്തിയാൽ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു. എത്ര വലിയ ദ്രോഹമാണ് വി മുരളീധരനും ബി ജെ പി നേതാക്കളും കേരളത്തോട് ചെയ്തത് എന്നാലോചിക്കണം. ‌

ഉമ്മൻചാണ്ടി സ‌ർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച് പോയ പദ്ധതിയാണ് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ 2016ൽ ജീവൻവച്ചത്. മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത വിധം സ്ഥലമേറ്റെടുപ്പിന്റെ 25 ശതമാനം വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതോടെ ദേശീയപാത അതോറിറ്റി പദ്ധതി നടപ്പാക്കാമെന്ന് സമ്മതിച്ചു. ഇതിനായി 5580 കോടി രൂപ സംസ്ഥാനം ദേശീയപാത അതോറിറ്റിക്ക്‌ കൈമാറി. പദ്ധതി ട്രാക്കിലായതോടെയാണ് ബി ജെ പി അന്ന് ഇതിനെ അട്ടിമറിക്കാൻ ശ്രമിച്ചത്.

പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച വി മുരളീധരൻ ഉൾപ്പെടുന്ന ബിജെപി സംസ്ഥാന നേതാക്കളാണ് ഇന്ന് ദേശീയപാത വികസനത്തിന്റെ നേരവകാശികളാകാൻ മത്സരിക്കുന്നത്. ദേശീയപാത വികസനത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി പലവട്ടം പൊതുവേദികളിൽ ഇതിനകം പറഞ്ഞിട്ടുണ്ട്. എന്നിട്ടും യാതൊരു മടിയുമില്ലാതെ ദേശീയപാത വികസനം സാധ്യമാക്കിയത് താനാണെന്ന് പ്രചരിപ്പിക്കാനുള്ള തൊലിക്കട്ടി അപരമെന്നേ പറയേണ്ടു.

‘ദേശീയപാത വികസനവും ഗെയ്‌ൽ പൈപ്പ്‌ ലൈൻ പദ്ധതിയും നടപ്പാക്കിയാൽ മുഖ്യമന്ത്രി പിണറായി വിജയനെ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 2017ൽ ഫെയ്സ്ബുക്കിൽ കുറിച്ചത്’. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കമ്മീഷൻ ചെയ്തു കഴിഞ്ഞു. ദേശീയപാത പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. 100 ശതമാനം സ്ഥലപമേറ്റെടുപ്പും പൂർത്തിയായി, വിവിധ റീച്ചുകളുടെ ടെൻഡറിങ് കഴിഞ്ഞു നിർമ്മാണവും ആരംഭിച്ചു.

സുരേന്ദ്രനും അദ്ദേഹത്തിന്റെ മുതലാളിയായ മുരളീധരനും ഇപ്പോൾ ഈ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ഓട്ടത്തിലാണ്. നിങ്ങൾ മുടക്കാൻ നോക്കിയ പദ്ധതികളാണ് ഇവയെല്ലാം എന്നോർമ്മ വേണം. എൽഡിഎഫിനെയും അതിന് നേതൃത്വം നൽകുന്ന സിപിഐ എം നെയും വികസനകാര്യത്തിൽ വെല്ലുവിളിച്ചവരാണ് ഇപ്പോൾ എട്ടുകാലിമമ്മൂഞ്ഞിനെ പോലെ കവലപ്രസംഗം നടത്തുന്നത്.

എല്ലാത്തിനുപരിയായി കേന്ദ്രത്തിന്റെ ഔദാര്യമൊന്നുമല്ല കേരളം ചോദിക്കുന്നത്. കേരളത്തിന്റെ അവകാശമാണ് എന്നത് കൂടി മുരളീധരൻ ഓർക്കണം. ഇവിടെ നിന്ന് പിരിച്ച് കൊണ്ട് പോകുന്ന നികുതിയുടെ അർഹതപ്പെട്ട വിഹിതം ഉൾപ്പെടെയുള്ള കാര്യങ്ങളിലൊന്നും ഒരക്ഷരം മിണ്ടുന്നില്ല എന്ന് മാത്രമല്ല എന്തെങ്കിലും കിട്ടുന്നതിനെ കൂടെ ഇല്ലാതാക്കാനുള്ള കുരുട്ടുബുദ്ധിയും കാണിക്കുന്നു എന്നാണ് പുറത്ത് വന്ന രേഖകൾ തെളിയിക്കുന്നത്. കേരളത്തിന്റെ വികസനത്തെയും മുന്നോട്ട് പോക്കിനെയും ജനങ്ങളുടെ ജീവിതത്തെ തന്നെയും തകർക്കാനുള്ള നീക്കമാണ് വി മുരളീധരനും ബിജെപിയും ചെയ്യുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കാൻ ശ്രമിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം.