മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം ; രണ്ട് പേർ അറസ്റ്റിൽ, മൂന്നാമനായി തെരച്ചിൽ

സംഘത്തിലെ മൂന്നാമന്‍ പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ എന്നാണ് സൂചന.

0
244

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ മൂന്നാമന്‍ പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ എന്നാണ് സൂചന.

ഡിസംബർ 30 നാണ് മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് കട നടത്തുന്ന ജോർജ് ഉണ്ണുണ്ണിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി അജിത്ത് വ്യക്തമാക്കി. ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ചുപോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിന് വന്നപ്പോളാണ് മരിച്ച നിലയിൽ കണ്ടത്.