ഓടുന്ന ട്രെയിനിൽ നിന്നും തെറിച്ചു വീണു; കൽപ്പറ്റ സ്വദേശിനിക്ക് ദാരുണാന്ത്യം

കാസര്‍കോട് റെയില്‍വേ പൊലീസാണ് യുവതി തീവണ്ടിയില്‍ നിന്നും തെറിച്ചുവീണതായി ബേക്കല്‍ പോലീസിനെ അറിയിച്ചത്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി ഐശ്വര്യയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

0
169

കൽപ്പറ്റ: പള്ളിക്കര മാസ്തിഗുഡയില്‍ തീവണ്ടിയിൽനിന്ന് വീണ് യുവതി മരിച്ചു. കല്‍പ്പറ്റ കാവുംമന്ദം മഞ്ജു മലയില്‍ വീട്ടില്‍ എ വി ജോസഫിന്റെ മകള്‍ ഐശ്വര്യജോസഫ് എന്ന അമ്മു (30) വാണ് ഇന്നലെ രാത്രി 9 മണികഴിഞ്ഞ് നേത്രാവതി എക്‌സ്പ്രസിൽ നിന്നും വീണു മരിച്ചത്. കാസര്‍കോട് റെയില്‍വേ പോലീസാണ് യുവതി തീവണ്ടിയില്‍ നിന്നും തെറിച്ചുവീണതായി ബേക്കല്‍ പൊലീസിനെ അറിയിച്ചത്.

ബേക്കല്‍ എസ്‌ഐ ശ്രീജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഐശ്വര്യയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന മണി പേഴ്‌സും മറ്റും പരിശോധിച്ചതിലാണ് മരിച്ചത് ഐശ്വര്യയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്.

സംഭവം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ബന്ധുക്കളുമായി അടുത്തബന്ധം ഇല്ലാത്തതിനാല്‍ ഐശ്വര്യയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബേക്കല്‍ എസ്‌ഐ കെ വി രാജീവന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.