തിരുവനന്തപുരം: വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ എത്തിത്തുടങ്ങും. വിഴിഞ്ഞത്തെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. മെയ് മാസത്തിൽ തന്നെ വാണിജ്യ കപ്പലുകൾ വിഴിഞ്ഞത്ത് അടുക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഒക്ടോബറിൽ ആദ്യ കപ്പലെടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു. നിലവിൽ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാർച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. നിർമാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗവും വിലയിരുത്തിയത്.
വിഴിഞ്ഞത്തെ പുലിമൂട്ട് നിർമ്മാണം പൂർണ്ണതോതിൽ അടുത്തമാസം തീർക്കും. അദാനിക്കുള്ള വിജിഎഫ് ഉടൻ കൊടുക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ല. എന്നാൽ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തർക്കത്തനില്ലെന്നും വാസവൻ അറിയിച്ചു.