നവകേരള സദസിലെ പരാതിക്ക് പരിഹാരം ; വയറപ്പുഴക്കടവിൽ പാലം ഉടൻ, നിർമ്മാണത്തിന് മന്ത്രിസഭയുടെ അനുമതി

അച്ചൻകോവിലാറിൽ പന്തളം നഗരസഭ, കുളനട പഞ്ചായത്ത് പ്രദേശങ്ങളെ ബന്ധിപ്പിച്ചു വയറപ്പുഴ കടവിലാണ് പാലം നിർമിക്കുന്നത്.

0
244

പന്തളം : ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനു വിരാമമിട്ടു വയറപ്പുഴക്കടവിൽ പാലം യാഥാർഥ്യത്തിലേക്ക്. പാലത്തിന്റെ നിർമ്മാണത്തിന് പുതുക്കിയ കരാർ നിരക്കുകൾ അം​ഗീകരിച്ച് മന്ത്രിസഭയുടെ അനുമതി. നവകേരള സദസ് പത്തനംതിട്ടയിൽ എത്തിയപ്പോൾ പ്രമുഖ എഴുത്തുകാരൻ ബെന്ന്യാമിൻ ആണ് വിഷയം സദസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് നാട്ടുകാരുടെ ഏറെ നാളായുള്ള അവശ്യത്തിന് നടപടിയായത്. അച്ചൻകോവിലാറിൽ പന്തളം നഗരസഭ, കുളനട പഞ്ചായത്ത് പ്രദേശങ്ങളെ ബന്ധിപ്പിച്ചു വയറപ്പുഴ കടവിലാണ് പാലം നിർമിക്കുന്നത്.

എംസി റോഡിൽ കുളനട, പന്തളം ജംക്‌ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാകാൻ‍ വയറപ്പുഴ പാലം വലിയ അളവിൽ പ്രയോജനപ്പെടും. പാലം യാഥാർഥ്യമാകുന്നതോടെ കുളനടയിൽ നിന്നു പന്തളം മാവേലിക്കര റോഡിൽ അറത്തിൽമുക്കിലും തിരിച്ചും വേഗത്തിലെത്താൻ കഴിയും. നാട്ടുകാരുടെ ഏറെ നാളായുള്ള സ്വപ്നം സഫലമാകാൻ പോകുന്ന വേളയിൽ നവകേരള സദസിനോട് നന്ദി പറയുകയാണ് നാട്ടുകാർ. നവകേരള സദസ്സിൽ പങ്കെടുത്ത് കാര്യങ്ങൾ പറഞ്ഞാൽ എന്ത് ഗുണം എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഇതെന്നാണ് ബെന്ന്യാമിൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ബെന്ന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

‘ നവകേരള സദസ്സിൽ പങ്കെടുത്ത് കാര്യങ്ങൾ പറഞ്ഞാൽ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്. ‘ ഇപ്പോൾ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബർ 17 ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച കാര്യത്തിന് കൃത്യം 17 ദിവസം കഴിഞ്ഞപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു. (ഡിസംബർ 18 ലെ എന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കാണുക) വയറപ്പുഴ പാലത്തിന്റെ നിർമ്മാണത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നു. നീണ്ട പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വീണാജോർജിന് അഭിനന്ദനങ്ങൾ’