സുസ്ഥിര വികസനം; ‘കേരളത്തിന്റേത് ഏറ്റവും മികച്ച മാതൃക’: നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻകുമാർ ബെറി

സാമൂഹ്യ പശ്ചാത്തല വികസന മേഖലകളിൽ കേരളം നടത്തുന്ന ഇടപെടലുകളും നടപ്പാക്കുന്ന നൂതന പദ്ധതികളും മാതൃകാപരമാണെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുമൻ ബെറി പറഞ്ഞു.

0
255

തിരുവനന്തപുരം: സുസ്ഥിര വികസനത്തിൽ കേരളം ഏറ്റവും മികച്ചതെന്ന് നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻകുമാർ ബെറി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുമൻകുമാർ ബെറിയുടെ പ്രശംസ. സുസ്ഥിരവികസനത്തിൻ്റെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണെന്നും, അത് മാതൃകയാക്കുമെന്നും നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറി പറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനമാണ് കേരളം. സാമൂഹ്യ പശ്ചാത്തല വികസന മേഖലകളിൽ കേരളം നടത്തുന്ന ഇടപെടലുകളും നടപ്പാക്കുന്ന നൂതന പദ്ധതികളും മാതൃകാപരമാണെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുമൻ ബെറി പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളിയെപ്പറ്റി മുഖ്യമന്ത്രിയും കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.

സുസ്ഥിരവികസനം ലക്ഷ്യമിട്ട് 2016 മുതൽ മുഖേന വൻകിട വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുകയാണ്. എന്നാൽ ഇതിൻ്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിൻ്റെ വായ്പാ പരിധി കുറയ്ക്കുകയാണ്. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസ്സമുണ്ടാക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യത്തിൽ നീതി ആയോഗിൻ്റെ തലത്തിൽ നടത്താൻ കഴിയുന്ന പരിശോധന നടത്തുമെന്ന് സുമൻ ബെറി ഉറപ്പ് നൽകി. കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പതിനാറാം ധന കമ്മീഷൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.