കൊച്ചി: കേസുകൾ തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. ഈ വർഷം ഫയൽ ചെയ്ത ഒരു ലക്ഷത്തോളം കേസുകളിൽ എൺപത്തി ആറായിരത്തി എഴുനൂറ് കേസുകൾ ഹൈക്കോടതി തീർപ്പാക്കി. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ഫയൽ ചെയ്യുന്ന കേസുകൾ തീർപ്പാക്കുന്നതിലാണ് മദ്രാസ് ഹൈക്കോടതിയോടൊപ്പം കേരള ഹൈക്കോടതിയും മാതൃകാപരമായ നേട്ടം കൈവരിച്ചത്.
2023 ൽ സിവിൽ, ക്രിമിനൽ അപ്പീലുകൾ, റിവിഷൻ ഹർജികൾ, റിട്ട് ഹർജികൾ ജാമ്യാപേക്ഷകൾ എന്നിവയിലൂടെ 98,985 ഹർജികളാണ് ഹൈക്കോടതിയിലെത്തിയത്. ഇതിൽ 44,368 റിട്ട് ഹർജിയും, 11,649 ജാമ്യാപേക്ഷയുമുണ്ട്. ഇതിൽ 86,700 കേസുകളും ഈ വർഷം തന്നെ തീർപ്പാക്കാൻ കഴിഞ്ഞു. ഏതാണ്ട് 88 ശതമാനത്തോളം കേസുകളാണ് തീര്‍പ്പാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം എങ്കിലും അധികമാണ് തീർപ്പാക്കിയ കേസുകളുടെ എണ്ണമെന്നതും നേട്ടമാണ്.
9,360 കേസുകളിൽ വിധിപറഞ്ഞ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് കൂടുതൽ കേസുകളിൽ തീരുമാനമെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,160 കേസുകളിൽ ഒരുവർഷം കൊണ്ട് വിധിപറഞ്ഞു. ജസ്റ്റിസുമാരായ പി ഗോപിനാഥ്, മുഹമ്മദ് നിയാസ്, എൻ നഗരേഷ്, സിയാദ് റഹ്മാൻ എന്നിവരും കേസുകൾ തീർപ്പാക്കുന്നതിൽ മുന്നിലുണ്ട്.
എന്നാൽ, ഇതുവരെ തീരുമാനമെടുക്കാതെ രണ്ടര ലക്ഷത്തോളം മുൻകാല കേസുകൾ ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ല. 36 ജഡ്ജിമാരുള്ള ഹൈക്കോടതിയിലെ ഭൂരിഭാഗം ബഞ്ചുകളും പൂർണമായി പേപ്പർ രഹിതമാക്കി. ഇതോടൊപ്പം കീഴ്കോടതികളെയും പേപ്പർ രഹതിമാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.