ബിജെപി നേതാവിൻ്റെ പ്രതികാരം, കള്ളപ്പണം തേടി കര്‍ഷകർക്കും ഇഡി നോട്ടീസ്! സംഭവം വിവാദമായപ്പോള്‍ സമന്‍സ് പിന്‍വലിച്ച് തടിയൂരാന്‍ ശ്രമം

സംഭവം വിവാദമായതോടെ 4 വര്‍ഷം മുന്‍പ് കാട്ടുപോത്തിനെ കൊന്ന കേസിലെ വനംവകുപ്പ് എഫ് ഐ ആറിന്‍റെ പേരിലാണ് സമൻസെന്നാണ് പുതിയ വിശദീകരണം. എന്നാല്‍ ഈ കേസില്‍ മൂന്ന് വര്‍ഷം മുമ്പ് സേലം കോടതി തങ്ങളെ വെറുതെ വിട്ടതാണെന്നും മറ്റൊരു പരാതിയും തങ്ങൾക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇരുവരും പറയുന്നു.

0
176

സേലം: നാല് വര്‍ഷം മുമ്പ് ഭൂമി തട്ടിപ്പ് കേസില്‍ ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യിച്ചതിന്‍റെ പ്രതികാരമായി വൃദ്ധ കര്‍ഷകര്‍ക്കെതിരെയും ഇ ഡിയുടെ സമൻസ്. എന്നാൽ സംഭവം വിവാദമായപ്പോൾ സമൻസ് പിൻവലിച്ച് തടിയൂരാൻ ശ്രമിക്കുകയാണ് ഇ ഡി. 2023 ജൂണ്‍ 26 നാണ് തമിഴ്നാട്ടിലെ വൃദ്ധരായ കര്‍ഷക സഹോദരങ്ങള്‍ക്ക് ഇ ഡി സമന്‍സ് അയച്ചത്. സമന്‍സില്‍ കര്‍ഷകരുടെ ജാതി പേര് സൂചിപ്പിച്ചതും തമിഴ്നാട്ടില്‍ വലിയ വിവാദമായിരുന്നു.

തമിഴ്നാട്ടിലെ സേലം ജില്ലയിലെ ആറ്റൂരില്‍ താമസിക്കുന്ന കര്‍ഷകരായ എസ് കണ്ണയ്യനും (72) സഹോദരന്‍ എസ് കൃഷ്ണനെയുമാണ് (67) 2023 ജൂലൈയില്‍ ഇഡി സമന്‍സ് അയച്ച് വിളിപ്പിച്ചത്. ഇവരുടെ അഭിഭാഷകയാണ് ഈ വിവരം മാധ്യമങ്ങളോട് പങ്കുവച്ചത്. കള്ളപ്പണം വെളുപ്പിക്കലും വിദേശ വിനിമയ നിയമലംഘനത്തിനുമാണ് സഹോദരങ്ങളായ കര്‍ഷകരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവര്‍ക്കും അയച്ച നോട്ടീസില്‍ ഇരുവരുടെയും ജാതി കൂടി ചേര്‍ത്തത് തമിഴ്നാട്ടില്‍ മറ്റൊരു വിവാദത്തിനും ഇടയാക്കി.

നോട്ടീസിന് പുറത്ത് ‘ഹിന്ദു പല്ലര്‍’ എന്ന ജാതിപ്പേര് ചേര്‍ത്തതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍, കര്‍ഷകരെ ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് ഇ ഡി സമന്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. ജൂലൈ 5 ന് ഇരുവരോടും പാന്‍ കാര്‍ഡിന്‍റെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, നികുതി റിട്ടേണുകളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തി വിവരങ്ങള്‍, മറ്റ് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇ ഡിക്ക് മുമ്പാകെ ഹാജരാകാന്‍ വേണ്ടി ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ റിതേഷ് കുമാറാണ് കര്‍ഷകര്‍ക്ക് സമന്‍സ് അയച്ചത്.

ഇതോടൊപ്പം കുടുംബാംഗങ്ങളുടെ സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങള്‍, ബാക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, കൃഷി ഭൂമിയുടെ രേഖകള്‍, കൃഷി ഉത്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവയും ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. അതേസമയം സഹോദരങ്ങള്‍ക്കെതിരായ കേസ് എന്താണെന്നോ സമന്‍സ് അയച്ചതെന്തിനാണെന്നോ സമന്‍സില്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും അഭിഭാഷക പ്രവീണ പറയുന്നു.

എന്തിനാണ് സമന്‍സ് എന്ന് കണ്ണയ്യനും സഹോദരന്‍ കൃഷ്ണനും അറിയില്ല. അവര്‍ക്ക് അറിയാവുന്ന ഏക കേസ് ഒരു പ്രാദേശിക ബിജെപി നേതാവുമായിട്ടാണ്. അതാകട്ടെ സേലം ജില്ലയിലെ ആറ്റൂരിനടുത്ത് രാമനായിക്കന്‍പാളയത്ത് കണ്ണയ്യനും കൃഷ്ണനും സ്വന്തമായുള്ള 6.5 ഏക്കര്‍ കൃഷി ഭൂമിയുമായി ബന്ധപ്പെട്ടാണ്. ഈ കൃഷി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച ബി ജെ പി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖരിനെതിരെയുള്ള കേസാണ്.

ഈ കേസിനെ തുടര്‍ന്ന് കൃഷ്ണന്‍റെ പരാതിയില്‍ 2020-ല്‍ ഗുണശേഖറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ഇപ്പോഴത്തെ ഇ ഡി സമന്‍സ് എന്നാണ് ഉയരുന്ന ആരോപണം. 2023 ജൂലൈയില്‍ എല്ലാ രേഖകളുമായി ഇ ഡിയെ കണ്ടിരുന്നെന്നും എന്നാല്‍ ഇ ഡി തങ്ങളോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു.

കേസിലായതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ക്ക് തങ്ങളുടെ കൃഷി ഭൂമിയില്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും തമിഴ്നാട് സര്‍ക്കാറിന്‍റെ കര്‍ഷക പെന്‍ഷനായ 1000 രൂപയും സൗജന്യ റേഷനുമാണ് അവരുടെ വരുമാനമെന്നും അഡ്വ. പ്രവീണ പറയുന്നു. സംഭവം വിവാദമായതോടെ 4 വര്‍ഷം മുന്‍പ് കാട്ടുപോത്തിനെ കൊന്ന കേസിലെ വനംവകുപ്പ് എഫ് ഐ ആറിന്‍റെ പേരിലാണ് സമൻസെന്നാണ് പുതിയ വിശദീകരണം. എന്നാല്‍ ഈ കേസില്‍ മൂന്ന് വര്‍ഷം മുമ്പ് സേലം കോടതി തങ്ങളെ വെറുതെ വിട്ടതാണെന്നും മറ്റൊരു പരാതിയും തങ്ങൾക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇരുവരും പറയുന്നു.