ബെംഗളുരു: പഠനം സംബന്ധിച്ച് അമ്മയുമായി തർക്കം ഉണ്ടായതിന് പിന്നാലെ തോക്കുപയോഗിച്ച് സ്വയം ജീവനൊടുക്കി 19കാരന്‍. നോർത്ത് ബെംഗളുരുവിലെ പീന്യ സ്വദേശിയും എന്‍ജിനിയറിംഗ് വിദ്യാർത്ഥിയുമായ വിഷു ഉത്തപ്പ ആണ് മരിച്ചത്. പിതാവിന്റെ തോക്ക് ഉപയോഗിച്ച് നെഞ്ചിലേക്ക് നിറയൊഴിച്ചാണ് വിഷു ജീവനൊടുക്കിയത്. നന്ദി ഇന്‍ഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസിലെ സുരക്ഷാ ജീവനക്കാരനായ മടിക്കേരി സ്വദേശി കെ ഡി തമ്മയ്യയുടെ മകനാണ് വിഷു.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് സംഭവം നടക്കുന്നത് . തിങ്കളാഴ്ച കോളേജിനേ ചൊല്ലിയും പഠനത്തേ ചൊല്ലിയും അമ്മയും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കൾ സാധനങ്ങൾ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് വിഷു ജീവനൊടുക്കിയത്.
ജോലി ആവശ്യത്തിനായി പിതാവ് ഉപയോഗിച്ചിരുന്ന ലൈസന്‍സ് ഉള്ള തോക്കെടുത്ത് വിഷു സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് വിഷുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രഥമ ദൃഷ്ടിയിൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)