ലണ്ടൻ: ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികുള്ള വിസ നിയമങ്ങൾ കർശനമാക്കി. വിദേശ വിദ്യാർത്ഥികൾ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്. പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് കോഴ്സുകളോ സർക്കാർ സ്കോളർഷിപ്പുള്ള കോഴ്സുകളോ പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാനാകൂ.
ബ്രിട്ടീഷ് സർവകലാശാലകളിൽ ചേരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള കർശനമായ വിസ നിയമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. പുതിയ ചട്ടങ്ങൾ ഈ മാസം മുതൽ പ്രാബല്യത്തിൽ വരും. “ഇന്ന് മുതൽ, ഭൂരിഭാഗം വിദേശ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങളെ യു കെയിലേക്ക് കൊണ്ടുവരാൻ കഴിയില്ല” സോഷ്യൽ മീഡിയയിലിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
കഴിഞ്ഞ വർഷം മേയിൽ മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനാണ് ആദ്യമായി മാറ്റങ്ങൾ പ്രഖ്യാപിച്ചത്. യു കെയിൽ ജോലി ചെയ്യുന്നതിനായി സ്റ്റുഡന്റ് വിസ ഒരു പിൻവാതിലായി ഉപയോഗിക്കുന്ന ആളുകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നാണ് യു കെ ഹോം ഓഫീസ് അറിയിച്ചത്.
ആശ്രിതരെ കൊണ്ടുവരുന്ന വിദേശ വിദ്യാർത്ഥികളുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2019 മുതൽ 930 ശതമാനത്തിലധികം വർദ്ധിച്ചതായും അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള യുകെ സർക്കാർ രാജ്യത്തേക്കുള്ള നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.