കെഎസ്ആർടിസി സ്മാർട് കാർഡിലെ പണം ചലോ കാർഡിലേക്ക് മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

സിറ്റി സർക്കുലർ സർവീസുകളിൽ മാത്രമേ നിലവിൽ ചലോ കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്നുള്ളു. ഈ മാസം അവസാനത്തോടെ ട്രെയിനിങ് പൂർത്തിയാക്കി തിരുവനന്തപുരത്തെ എല്ലാ ഡിപ്പോകളിലും ചലോ ടിക്കറ്റ് മെഷീനുകൾ എത്തും.

0
188

തിരുവനന്തപുരം: കഴിഞ്ഞവർഷം സംസ്ഥാനത്തെ തലസ്ഥാന ജില്ലയിൽ നടപ്പിലാക്കിയ സ്മാർട്ട് കാർഡ് സംവിധാനം വൻ വിജയമായതിനെ തുടർന്ന് അടുത്തഘട്ടത്തിലേക്ക് കാലെടുത്തുവെച്ച് കെ എസ് ആർ ടി സി. നിലവിലുള്ള സ്മാർട്ട് കാർഡുകൾക്ക് പകരം `ചലോ ട്രാവൽ കാർഡുകൾ´ രംഗത്തിറക്കിക്കൊണ്ടാണ് കെ എസ് ആർ ടി സിയുടെ പുതിയ ചുവട്. തിരുവനന്തപുരത്തെ കെ എസ് ആർ ടി സി സിറ്റി സർക്കുലർ സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ചലോ കാർഡുകൾ വിജയമായിരിക്കുകയാണ്. ഇതിനായി കെ എസ് ആർ ടി സിയിൽ ചലോ കാർഡുകൾ റീഡ് ചെയ്യുന്ന പുതിയ ടിക്കറ്റ് മെഷീനുകളും എത്തിക്കഴിഞ്ഞു.

പുതിയ സംവിധാനത്തിൽ ചലോ ട്രാവൽ കാർഡുകൾ മാത്രമല്ല ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കും. കൂടാതെ യു പി ഐ പണമിടപാട് നടത്തുവാനുള്ള സൗകര്യവുമുണ്ട്. സിറ്റി സർക്കുലർ സർവീസുകളിൽ കഴിഞ്ഞയാഴ്ച നടപ്പിലാക്കിയ ചലോ കാർഡ് സംവിധാനം വിജയം കൈവരിച്ചതിനെ തുടർന്ന് ഈ മാസം അവസാനത്തോടെ ഈ സംവിധാനം മറ്റു കെ എസ് ആർ ടി സി സർവീസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചലോ ടിക്കറ്റ് മെഷീൻ എത്തിയതോടെ ഇപ്പോൾ ഉപയോഗിച്ചുവരുന്ന സ്മാർട്ട് ട്രാവൽ കാർഡുകൾ പിൻവലിക്കപ്പെടും. പുതിയ മെഷീനുകളിൽ ഈ കാർഡ് റീഡ് ആകില്ല. അതേസമയം ഈ കാർഡിൽ പണം സൂക്ഷിക്കുന്നവർക്ക് ആ പണം പുതിയ ചലോ കാർഡിലേക്ക് മാറ്റുവാനുള്ള സൗകര്യവുമുണ്ട്. ഇതിനായി ചലോ കാർഡ് സംവിധാനമുള്ള ബസുകളിലെ കണ്ടക്ടർമാരുമായോ ഡിപ്പോകളിൽ നേരിട്ടോ ബന്ധപ്പെടണം.

ഫോം പൂരിപ്പിച്ച് പഴയ കാർഡിനൊപ്പം സമർപ്പിക്കണം. തുടർന്ന് പുതിയ കാർഡ് ലഭിക്കുകയും പഴയ കാർഡിലെ തുക ഈ കാർഡിലേക്ക് മാറ്റുകയും ചെയ്യുന്നതാണ്. അതേസമയം സിറ്റി സർക്കുലർ സർവീസുകളിൽ മാത്രമേ നിലവിൽ ചലോ കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്നുള്ളു. അതുകൊണ്ടുതന്നെ മറ്റു ബസുകളിൽ ഉപയോഗിക്കാൻ പഴയ കാർഡുകൾ തന്നെയാണ് യാത്രക്കാർ കയ്യിൽ കരുതുന്നതും.

ഈ മാസം അവസാനത്തോടെ ട്രെയിനിങ് പൂർത്തിയാക്കി തിരുവനന്തപുരത്തെ എല്ലാ ഡിപ്പോകളിലും ചലോ ടിക്കറ്റ് മെഷീനുകൾ എത്തും. ഇതോടെ ജില്ലയിലെ എല്ലാ കെഎസ്ആർടിസി സർവീസുകളിലും ക്രെഡിറ്റ്, ഡെബിറ്റ്, യു പി ഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.