ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസ് ; പ്രതികളെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോര്‍ട്ട് എ.സി. നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

0
191

തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹാന ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോര്‍ട്ട് എ.സി. നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നവാസിനെ സസ്പെൻഡ് ചെയ്തത്.

ഡിസംബര്‍ 26-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പരാതി. തുടർന്ന് ഷഹാന ഷാജിയുടെ ഭര്‍ത്താവ് നൗഫല്‍, ഭര്‍തൃമാതാവ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് പ്രതികൾ പിന്നീട് ഒളിവില്‍പ്പോവുകയായിരുന്നു.

തുടർന്ന് പ്രതികള്‍ കടയ്ക്കല്‍ സ്റ്റേഷന്‍ പരിധിയിലുണ്ട് എന്ന വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലീസ് അങ്ങോട്ടേക്ക് പോവുകയും ചെയ്തു. എന്നാല്‍, സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസ് ഈ വിവരം പ്രതികളെ അറിയിക്കുകയും അവര്‍ രക്ഷപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഫോര്‍ട്ട് എ.സി. എസ്.ഷാജി, വിവരം ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്.

( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)