രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൂടുന്നു; 602 പുതിയ കേസുകള്‍

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും ഓഫീസുകളിലും പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കാനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു...

0
214

ന്യൂഡൽഹി: രാജ്യത്ത് 602 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 5,33,366 ആയി ഉയര്‍ന്നു. 1.18% ആണ് മരണനിരക്ക്. നിലവില്‍ 4,440 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 98.80% ആണ്. 4,44,76,550 പേര്‍ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിരവധി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ സബ് വേരിയന്റ് ജെഎന്‍.1 ന്റെ ആവിര്‍ഭാവമാണ് കേസുകളുടെ സമീപകാല വര്‍ദ്ധനവിന് കാരണം. ഇന്ത്യന്‍ SARS-CoV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം ഡാറ്റ ഡിസംബറില്‍ രേഖപ്പെടുത്തിയ മൊത്തം കേസുകളില്‍ 239 എണ്ണത്തില്‍ JN.1 വേരിയന്റിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നവംബറില്‍ അത്തരം 24 കേസുകള്‍ കണ്ടെത്തി. ഒമിക്രോണിനേക്കാള്‍ തീവ്രവ്യാപന ശേഷിയുള്ളതാണ് ജെഎന്‍.1 ഉപവകഭേദം.

പുതിയ സാഹചര്യം പരിഗണിച്ച് ആശുപത്രികളില്‍ സംശയാസ്പദമായതോ പോസിറ്റീവോ ആയ കോവിഡ്-19 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതോടൊപ്പം വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്.

ഇതുവരെ 220.67 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ചിലയിടങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും ഓഫീസുകളിലും പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.