കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ: ഡൽഹിയിൽ വിമാനങ്ങൾ വൈകി

മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിലെ നിരവധി വിമാന സർവീസുകൾ വൈകി.രാവിലെ 5.30 വരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 25 മുതൽ 500 മീറ്റർ വരെ ദൃശ്യപരതയാണ് രേഖപ്പെടുത്തിയത്.

0
203

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, ചണ്ഡീഗഢ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് ത്രിപുര എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന തണുത്ത തരംഗങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു ഡിവിഷനിൽ വ്യാഴാഴ്ച മിതമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിലെ നിരവധി വിമാന സർവീസുകൾ വൈകി.രാവിലെ 5.30 വരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 25 മുതൽ 500 മീറ്റർ വരെ ദൃശ്യപരതയാണ് രേഖപ്പെടുത്തിയത്. അതേസമയം മൊറാദാബാദിൽ ശീതക്കാറ്റ് തുടരുന്നതിനാൽ കനത്ത മൂടൽമഞ്ഞ് നിലനിൽക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തണുത്ത കാറ്റ് നിലനിൽക്കുന്നുണ്ട്. കടുത്ത തണുത്ത കാലാവസ്ഥയെത്തുടർന്ന് ഉത്തർപ്രദേശിലെ നോയിഡ ഗ്രേറ്റർ നോയിഡ ജില്ലകളിലെ സ്കൂളുകൾ അടച്ചിടാൻ ഉത്തരവിട്ടു. എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ ജനുവരി 6 വരെ അടച്ചിടാനാണ് ഉത്തരവ്.

അടുത്ത രണ്ട് ദിവസങ്ങളിൽ, കിഴക്കൻ ഇന്ത്യയിലെ താപനിലയിൽ കാര്യമായ മാറ്റമൊന്നും അനുഭവപ്പെട്ടിട്ടില്ല. അതിന് ശേഷം 2-3 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. മധ്യ ഇന്ത്യയിൽ, അടുത്ത മൂന്ന് ദിവസങ്ങളിൽ കുറഞ്ഞ താപനില 2-3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അതിനുശേഷവും കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

അതേസമയം ഹരിയാനയിൽ ജനുവരി 1-4 വരെയും പഞ്ചാബിൽ ജനുവരി 2-4 വരെയും ശൈത്യം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വടക്കേ ഇന്ത്യയിൽ, ജനുവരി ആദ്യ വാരത്തിലെ താപനില 9 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.