കെജ്രിവാളിന്റെ അറസ്റ്റ് ഇന്നോ? ആശങ്ക പങ്കുവെച്ച് എ എ പി നേതാക്കള്‍

കഴിഞ്ഞ വര്‍ഷം നവംബര്‍ 2 നും ഡിസംബര്‍ 21 നും രണ്ട് തവണ ഇ ഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കെജ്രിവാള്‍ വിസമ്മതിച്ചു...

0
220

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹം. വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്യുമെന്ന് വിവരം ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ ശേഷമാകും അറസ്‌റ്റെന്നും ഇവര്‍ പറയുന്നു.

നേരത്തെ ഡല്‍ഹി മദ്യനയം അഴിമതിക്കേസില്‍ മൂന്ന് തവണ കെജ്രിവാളിന് ഇ ഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതാക്കള്‍ അറസ്റ്റ് സംബന്ധിച്ച ആശങ്ക എക്‌സിലൂടെ പങ്കുവെച്ചത്. പാര്‍ട്ടി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവരാണ് അറസ്റ്റ് നടന്നേക്കുമെന്ന സൂചന പങ്കുവെച്ചത്.

എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ചോദ്യം ചെയ്യാന്‍ ബുധനാഴ്ച കെജ്രിവാളിനെ ഇ ഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ സമന്‍സ് തള്ളിയ അദ്ദേഹം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മറുപടി അയക്കുകയാണ് ചെയ്തത്. നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് ഇ ഡി ഉദ്ദേശിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും എ എ പി ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ നടപടിയൊന്നും അവര്‍ എടുത്തിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 2 നും ഡിസംബര്‍ 21 നും രണ്ട് തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കെജ്രിവാള്‍ വിസമ്മതിച്ചതോടെ മൂന്നാമത്തെ നോട്ടീസ് അയക്കുകയായിരുന്നു. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആംആദ്മി മേധാവി സമന്‍സ് തള്ളിയത്.