പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തൃശൂരിൽ റോഡ് ഷോ, സുരക്ഷാ വലയത്തിൽ ന​ഗരം

ബിജെപിയും മഹിളാമോർച്ചയും സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുക്കാനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

0
267

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന മോദി നേരെ തൃശ്ശൂരിലേക്ക് യാത്രതിരിക്കും. ബിജെപിയും മഹിളാമോർച്ചയും സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുക്കാനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും.

ഉച്ചയ്ക്ക് രണ്ടിന് കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ കളക്ടർ വി ആർ കൃഷ്ണ തേജ സ്വീകരിക്കും. കാറിൽ തൃശൂർ സ്വരാജ് ​ഗ്രൗണ്ടിലെത്തുന്ന അദ്ദേഹത്തെ ബിജെപി ദേശീയ – സംസ്ഥാന നേതാക്കൾ സ്വീകരിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തെക്കേഗോപുര നട, മണികണ്ഠനാൽ, നടുവിലാൽ വഴി നായ്‌ക്കനാലിൽ സമാപിക്കും. മൂന്നിന് തേക്കിൻകാട് മൈതാനിയിൽ രണ്ട് ലക്ഷം വനിതകളുടെ സംഗമത്തിൽ പ്രധാനമന്ത്രി സംസാരിക്കും. അതിനിടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്.

ചലച്ചിത്ര നടി ശോഭന, ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എം.പി, ക്രിക്കറ്റ് താരം മിന്നു മണി, ക്ഷേമപെൻഷൻ സമരനായിക മറിയക്കുട്ടി, സാമൂഹ്യപ്രവർത്തക ഉമ പ്രേമൻ, വെച്ചൂർ പശുക്കൾക്കായി ജീവിതം ഉഴിഞ്ഞു വച്ച ഡോ. ശോശാമ്മ ഐപ്പ്, വ്യവസായ പ്രമുഖ ബീന കണ്ണൻ തുടങ്ങിയ പ്രമുഖ വനിതകൾ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവ്ദേക്കർ എം.പി, രാധാമോഹൻ അഗർവാൾ എം.പി, ദേശീയ നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സുരേഷ് ഗോപി, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാർ തുടങ്ങി നാൽപ്പതോളം പേർ വേദിയിലുണ്ടാകും. നാലരയോടെ മോദി നെടുമ്പാശേരിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂരനഗരി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്.