മഹുവ മൊയ്ത്രയുടെ അയോഗ്യത; ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ മറുപടി തേടി സുപ്രീം കോടതി

ഭൂരിപക്ഷം എം പിമാരും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പാര്‍ലമെന്‍റ് പോര്‍ട്ടലിന്‍റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും, അത് തടയാന്‍ നിയമങ്ങള്‍ നിലവിൽ ഇല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം.

0
239

ന്യൂഡൽഹി: തൃണമൂൽ കോൺ​ഗ്രസ് മുൻ എം പി മഹുവ മൊയ്ത്രയുടെ ഹർജിയിൽ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ മറുപടി തേടി സുപ്രീം കോടതി. ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാർച്ച് 11 ലേക്ക് മാറ്റി. പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെയാണ് മഹുവ മൊയ്ത്ര ഹർജി നൽകിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് ലോക്സഭയിൽ നിന്നും മഹുവ അയോഗ്യയാക്കപ്പെട്ടത്.

ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ, മുന്‍ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ പണം വാങ്ങിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സി ഇ ഒ ദര്‍ശന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ് മൂലത്തിലും പറയുന്നില്ല.

ഭൂരിപക്ഷം എം പിമാരും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പാര്‍ലമെന്‍റ് പോര്‍ട്ടലിന്‍റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും, അത് തടയാന്‍ നിയമങ്ങള്‍ നിലവിൽ ഇല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം. ഇക്കാര്യങ്ങള്‍ പറയാന്‍ എത്തിക്സ് കമ്മിറ്റി അവസരം നല്‍കിയില്ലെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹുവ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

എന്നാൽ എംപിമാരുടെ രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്ന നിബന്ധന പാർലമെൻറിലുണ്ടെന്നും അത് മഹുവ മൊയ്ത്ര ലംഘിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. 2005ലെ കീഴ്വഴക്കമാണ് പാർലമെൻറ് പിന്തുടരുന്നതെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മഹുവയുടെ ലോക്സഭാംഗത്വം റദ്ദാക്കാനുള്ള അധികാരം പാർലമെൻറിന്റെ ലോക്സഭക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.