‘മരുന്നിനില്ലേ മരുന്ന്?’ 9-ല്‍ 7 മരുന്ന് കിട്ടിയിട്ടും എന്തിനാണ് വ്യാജ പ്രചരണമെന്ന് മന്ത്രി വീണ ജോർജ്

വാർത്ത കണ്ടയുടനെ ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് സർമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വ്യാജവാർത്തയാണെന്ന് കണ്ടെത്തിയതന്നും വീണ ജോർജ് പറയുന്നു.

0
172

“വാര്‍ത്ത കൊടുത്ത മാധ്യമം തന്നെ പറയുന്നു 9 മരുന്നില്‍ 7 മരുന്നും കിട്ടിയെന്ന്. എന്താണ് സ്ഥിതി എന്ന് തിരക്കാതെ ‘മരുന്നിനില്ല മരുന്ന്’ എന്ന് ജനറലൈസ് ചെയ്യുന്നത് ശരിയല്ല”

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ലഭ്യമല്ലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ‘മരുന്നിനില്ല മരുന്ന്’ തലക്കെട്ടിൽ നൽകിയ വാർത്തയുടെ സത്യാവസ്ഥ മറ്റൊന്നാണെന്നും മന്ത്രി വ്യക്തമാക്കി. വാർത്തയോടൊപ്പം പങ്കുവെച്ച രോഗിയുടെ ചിത്രവും പ്രിസ്ക്രിപ്ഷനും വിശദമായി പരിശോധിച്ച ശേഷമാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറുടെ കുറിപ്പടിയിലെ 9-ൽ 7 മരുന്നുകളും ആശുപത്രിയിൽ നിന്നുതന്നെ ലഭിച്ചിരുന്നു. ബാക്കി രണ്ടെണ്ണമാണ് ലഭിക്കാതെ പോയത്. ലഭിക്കാതെ പോയവ സർക്കാർ സപ്ലെയിൽ ഉൾപ്പെടാത്തവയാണെന്നും അല്ലാതെ സാധാരണക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ യാതൊന്നും സംഭവിക്കുന്നില്ലെന്നും മന്ത്രി തെളിവുകൾ സഹിതം വ്യക്തമാക്കി.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:-
‘മരുന്നിനില്ല മരുന്ന്’ എന്നാണ് ഇന്ന് മനോരമ പത്രത്തിന്റെ മുന്‍പേജില്‍ വന്ന പടത്തിന്റെ ക്യാപ്ഷന്‍. ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ കുറിച്ച് കൊടുത്ത കുറിപ്പടിയും ചിത്രത്തിലുണ്ട്. മറ്റുചില മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഇത് ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം കണ്ട ഉടനെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഡി.ഡി.എം.എസ്. (ഡ്രഗ് ഡിസ്ട്രിബ്യൂഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) പ്രകാരം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നിര്‍ദ്ദേശിച്ച മരുന്നുകള്‍ സംബന്ധിച്ച സ്റ്റോക്ക് പൊസിഷന്‍ അവര്‍ നല്‍കിയത് ചേര്‍ക്കുന്നു.

ഡി.ഡി.എം.എസ്. പ്രകാരം വ്യക്തമാകുന്നത് മരുന്നുകളെല്ലാം അവിടെയുണ്ട് എന്നാണ്. ഇതൊന്നും ഇന്നലെയ്ക്ക് ശേഷം കൊടുത്തതല്ല. Moxclav സെപ്റ്റംബറില്‍ 1.75 ലക്ഷം കൊടുത്തതില്‍ ശേഷിക്കുന്നതാണ് ഇത്. ഒരു മെഡിസിന്‍ സിട്രിസിൻ, ഈ സാമ്പത്തിക വര്‍ഷം, അതായത് മാര്‍ച്ച് വരെ ആശുപത്രി ആവശ്യപ്പെട്ടത് മുഴുവന്‍ കൊടുത്തു കഴിഞ്ഞു. 100% സപ്ലൈ ചെയ്തു കഴിഞ്ഞു. എന്നാല്‍ സിട്രിസിന് പകരം മറ്റു മരുന്നുകള്‍ ആശുപത്രിയില്‍ ലഭ്യമാണ്.

ആശുപത്രി ഒരു സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യപ്പെട്ടതിനേക്കാള്‍ മരുന്നുകള്‍ ഉപയോഗിക്കപ്പെട്ട് കഴിയുമ്പോഴാണ് പലപ്പോഴും ആശുപത്രിയില്‍ ചില മരുന്നുകള്‍ ഇല്ലാതെ വരുന്നത്. ആശുപത്രിയില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന വര്‍ധനവാണ് ഇതിന് കാരണമായിട്ടുള്ളത്. ഈ വര്‍ധനവ് മുന്നില്‍ കണ്ട് ഓരോ തവണയും 20 ശതമാനലധികം മരുന്നുകള്‍ ആശുപത്രികള്‍ക്ക് കൂട്ടിയാണ് നല്‍കാറുള്ളത്.

ആശുപത്രികള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ അതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് ടെന്‍ഡര്‍ ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തേക്ക് ആശുപത്രി ആവശ്യപ്പെട്ട മരുന്നുകള്‍ക്ക് ഉപരിയായി ആ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടിയാല്‍ ആ മരുന്നുകള്‍ നേരത്തെ തന്നെ തീര്‍ന്ന് പോയേക്കാം. അപ്പോഴും 25 ശതമാനം കൂടുതല്‍ നല്‍കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ മരുന്നുകള്‍ 30 ശതമാനം തീരുന്നതിന് മുമ്പ് അറിയിക്കണമെന്ന നിര്‍ദേശവും കൊടുത്തിട്ടുണ്ട്.

സര്‍ക്കാരിന്റെ എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ പെടാത്ത മരുന്നുകള്‍ ഡോക്ടര്‍മാര്‍ കുറിച്ചാല്‍ അത് ഫാര്‍മസിയില്‍ ഉണ്ടാകില്ല. അതിനാണ് ജനറിക് മെഡിസിന്‍ (മരുന്നുകളുടെ രാസനാമം) കുറിക്കണമെന്ന് മാനദണ്ഡം ഉള്ളത്. ഇത് പാലിക്കപ്പെടാത്തതും ആന്റിബയോട്ടിക്ക് അനാവശ്യമായി കുറിക്കുന്നതും ഒക്കെ പരിശോധിക്കാന്‍ ഇപ്പോള്‍ പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മാസത്തിലൊരിക്കല്‍ കര്‍ശനമായി നടത്തണമെന്ന് തീരുമാനിച്ച് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇനി വാര്‍ത്തയില്‍ പറയുന്ന ഈ കുറിപ്പടിയിലെ 9 മരുന്നുകളില്‍ ആദ്യം മൂന്നും പിന്നീട് നാലും മരുന്നുകള്‍ കിട്ടിയെന്ന് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ തലക്കെട്ട് ‘മരുന്നിനില്ല മരുന്ന്’ എന്നാണ്. ഇതില്‍ ഒരു മരുന്ന് എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ അതായത് സര്‍ക്കാര്‍ സപ്ലൈ ഇല്ലാത്തതാണ്. മരുന്ന് ഉണ്ടായിട്ടും ഒരു സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വാര്‍ത്ത കൊടുത്ത മാധ്യമം തന്നെ പറയുന്നു 9 മരുന്നില്‍ 7 മരുന്നും കിട്ടിയെന്ന്. എന്താണ് സ്ഥിതി എന്ന് തിരക്കാതെ ‘മരുന്നിനില്ല മരുന്ന്’ എന്ന് ജനറലൈസ് ചെയ്ത് ഈ രീതിയില്‍ ഒരു തെറ്റായ ധാരണ പരത്തുന്നതിന് വേണ്ടി നടത്തിയ ശ്രമം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.