ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്?

ഇന്ന് രാവിലെ 11 മണിക്ക് പാർട്ടി നേതാക്കളുടെ യോഗം ശർമിള വിളിച്ചിട്ടുണ്ട്. അതിൽ പാർട്ടി ലയനവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തേക്കും.

0
185

ഹൈദ്രബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിള ജനുവരി നാലിന് കോണ്‍ഗ്രസില്‍ ചേർന്നേക്കും. വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും പ്രസിഡന്റുമാണ് ശര്‍മിള. ഇന്ന് രാവിലെ 11 മണിക്ക് പാർട്ടി നേതാക്കളുടെ യോഗം ശർമിള വിളിച്ചിട്ടുണ്ട്. അതിൽ പാർട്ടി ലയനവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തേക്കും.

ബി ആർ എസ് ആധിപത്യം അവസാനിപ്പിച്ച് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി സീറ്റുകൾ തൂത്തുവാരിയതിന് പിന്നാലെയാണ് ഈ നിർണായക നീക്കം. എന്നാൽ കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഇന്നത്തെ ചർച്ചയിൽ ഉന്നയിക്കപ്പെടാനാണ് സാധ്യത.

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ വോട്ടുകളുടെ ഭിന്നിപ്പ് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ശർമിള വിസമ്മതിച്ചു.

‘കഴിഞ്ഞ 9 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും കെസിആര്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് കെസിആര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വൈഎസ്ആറിന്റെ മകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അവസരത്തെ പിന്തുണയ്ക്കുന്നു. 55-ലധികം മണ്ഡലങ്ങളില്‍ ഞാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ നിര്‍ണായകമാകും’, വൈഎസ് ശര്‍മിള കൂട്ടിച്ചേര്‍ത്തു.