ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ഫോട്ടോഷൂട്ടുകൾ പകര്‍ത്താനായി പോകുന്നത് വിലക്കിയതിന്റെ പേരില്‍ 21-കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പിതാവ്. വന്‍ ജനതിരക്കും മോശമായ പെരുമാറ്റവും നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് മകള്‍ വര്‍ഷിണിയെ പുറത്തുപോകുന്നതില്‍ നിന്ന് വിലക്കിയതെന്നാണ് പിതാവ് പറയുന്നത്. മകൾക്ക് ഫോട്ടോഗ്രഫി ഇഷ്ടമാണെന്നും പക്ഷേ തിരക്കിലേയ്ക്ക് രാത്രി അയയ്ക്കാൻ പേടിയായതുകൊണ്ടാണ് താൻ വിലക്കിയതെന്നുമാണ് പിതാവ് പൊലീസിനോട് പങ്കുവെച്ചത്.
”ഫോട്ടോഗ്രാഫിയില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയായിരുന്നു വര്‍ഷിണി. ബിബിഎ ചെയ്യുന്നതിനൊപ്പം ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഫോട്ടോഗ്രാഫി കോഴ്‌സും പൂര്‍ത്തിയാക്കിയിരുന്നു. മൊബൈലിലും ക്യാമറകളിലുമായി ആയിരത്തോളം ചിത്രങ്ങളും അവള്‍ പകര്‍ത്തിയിട്ടുണ്ട്. ഞായറാഴ്ച പുതുവര്‍ഷ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി മാളുകളില്‍ പോകണമെന്ന് അവള്‍ പറഞ്ഞു. എന്നാല്‍ ജനതിരക്കും, അപകടസാധ്യതയും കണക്കിലെടുത്ത് പോകേണ്ടെന്ന് മകളോട് പറഞ്ഞു.
അതോടെ ദേഷ്യപ്പെട്ട് മുറിയിലേക്ക് പോയ വര്‍ഷിണി പിന്നെ പുറത്തേക്ക് വന്നില്ല. രാത്രി ഏറെയും വൈകിയിട്ടും ഭക്ഷണം കഴിക്കാന്‍ പോലും അവള്‍ പുറത്തേക്ക് വന്നില്ല. മുറിയില്‍ പോയി വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. നിരവധി തവണ വിളിച്ചിട്ടും പ്രതികരണമില്ലാതെയായതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി. അപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മകളെ കണ്ടെത്തിയത്. ഉടന്‍ തന്നെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.”-പിതാവ് പറഞ്ഞു.
വില്‍സണ്‍ ഗാര്‍ഡന്‍ സുധാമനഗര്‍ സ്വദേശിനി വര്‍ഷിണിയെ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയനഗറിലെ സ്വകാര്യ കോളേജിലെ മൂന്നാം വര്‍ഷം ബിബിഎ വിദ്യാര്‍ഥിനിയാണ്. മരണം സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
വര്‍ഷിണിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മരിക്കുന്നത് സംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ആര്‍ക്കെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കിയതായും സെന്‍ട്രല്‍ ഡി സി പി മാധ്യമങ്ങളോട് പ്രതികരിച്ചു.