പുതുവത്സരാഘോഷത്തിനിടെ പെട്രോൾ ആടിക്കാൻ മറക്കേണ്ട ; സൂചനാ സമരവുമായി സ്വകാര്യ പെട്രോൾ പമ്പുടമകൾ, ഇന്ന് രാത്രി 8 മണി മുതൽ പമ്പുകൾ അടച്ചിടും

പമ്പുടമകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

0
195

തിരുവനന്തപുരം: പുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോൾ പമ്പുടമകൾ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോൾ പമ്പുടമകൾ. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം.

രാത്രിയിലും മറ്റുമായി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സൂചനാ സമരവുമായി അസോസിയേഷൻ രം​ഗത്ത് വന്നിരിക്കുന്നത്. പമ്പുടമകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്‌, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സുള്ളത്. 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചത്.