മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം ; കൃത്യം നടത്തിയത് ഒന്നിൽ കൂടുതൽ ആളുകൾ, കൊലപാതകം കഴുത്തു ഞെരിച്ചെന്ന് പ്രാഥമിക നിഗമനം

തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി അജിത്ത് വ്യക്തമാക്കി

0
197

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ മരണം കഴുത്തു ഞെരിച്ചാണെന്ന് പ്രാഥമിക നിഗമനം. ഒന്നിൽ കൂടുതൽ ആളുകൾ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നുന്നാണ് പൊലീസ് നിഗമനം. തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി അജിത്ത് വ്യക്തമാക്കി. ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കാണാനില്ല. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, കൊലപാതകത്തിൽ പത്തനംതിട്ട എസ്പി വി അജിത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരുന്നു. രണ്ട് ഡിവൈഎസ്പിമാർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പുനലൂർ – മൂവാറ്റുപുഴ റോഡിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നിലവിൽ തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് കട നടത്തുന്ന ജോർജ് ഉണ്ണുണ്ണിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. .വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ചുപോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിന് വന്നപ്പോളാണ് മരിച്ച നിലയിൽ കണ്ടത്.