മെഹബൂബ മുഫ്തിയെ പോലീസ് തടഞ്ഞു: പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രി

ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് സൈന്യം പ്രദേശത്ത് അന്വേഷണം ആരംഭിക്കുകയും മൂന്ന് സാധാരണക്കാരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തത്. എന്നാൽ പിന്നീട് ഇവരേയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ കിടുംബങ്ങളിലേയ്ക്ക് മഹൂവ പോകുന്നതിനെയാണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്.

0
216

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോയ പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തിയെ പോലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ബഫ്ലിയാസിൽ വച്ചാണ് പൊലീസ് തടഞ്ഞത്. മറ്റ് പി ഡി പി പ്രവർത്തകർക്കൊപ്പമായിരുന്നു മുഫ്തി കുടുംബങ്ങളെ സന്ദർശിക്കാൻ പോയത്. പോലീസ് തടഞ്ഞതിനെ തുടർന്ന് മെഹബൂബ മുഫ്തിയും പാർട്ടി പ്രവർത്തകരും പ്രതിഷേധിച്ചു. മുഗൾ റോഡ് വഴിയാണ് മെഹബൂബ മുഫ്തി സുരൻകോട്ടിലെത്തിയത്. എന്നാൽ അവരുടെ വാഹനവ്യൂഹത്തെ ബഫ്ലിയാസിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല.

ഡിസംബർ 21 ന്, പൂഞ്ചിലെ സുരൻകോട്ട് പ്രദേശത്ത് രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഈ ആക്രമണത്തിൽ അന്വേഷണം നടത്തുന്നതിനായി സൈന്യം പ്രദേശത്തെ സാധാരണക്കാരായ സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീർ അഹമ്മദ് (32) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ പിന്നീട് ഈ മൂന്ന് പേരെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബ്രിഗേഡിയർ കമാൻഡറെ സൈന്യം സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ഗ്രാമം സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മുഫ്തി, പോലീസ് ഭരണകൂടത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്തു. അടുത്തിടെ, ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്‌നയ്ക്ക് ഇരകളുടെ കുടുംബങ്ങളെ കാണാൻ അനുവാദം നൽകിയെന്നും, ഇപ്പോൾ എന്തിനാണ് തങ്ങളെ തടയുന്നതെന്നും മുഫ്തി ചോദിച്ചു.

“ഭരണകൂടം എന്തിനാണ് എന്നെ ഇത്രമാത്രം ഭയപ്പെടുന്നതെന്ന് എനിക്കറിയില്ല. സുരക്ഷാ പ്രശ്‌നമില്ല, എന്നിട്ടും എന്നെ പോകാൻ അനുവദിക്കുന്നില്ല. ബിജെപി നേതാക്കളെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ അനുവദിക്കുന്നു. എന്നെ മാത്രം തടയുന്നു. ഒരുപക്ഷേ സുരക്ഷാ ഏജൻസികളുടെ രഹസ്യങ്ങൾ പരസ്യമാകും എന്നതിനാലാകാം.” – മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.