ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; ദ്രൗപതി മുർമു

ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിജ്ഞാന പാരമ്പര്യമുള്ള ഒരു രാജ്യമായ ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും ഈ പട്ടികയിൽ ഇല്ലെന്നുള്ളത് ​ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ടെന്നും ദ്രൗപതി മുർമു

0
191

ഖരഗ്പൂർ: ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നുപോലുമില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിജ്ഞാന പാരമ്പര്യമുള്ള ഒരു രാജ്യമായ ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും ഈ പട്ടികയിൽ ഇല്ലെന്നുള്ളത് ​ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ടെന്നും ദ്രൗപതി മുർമു വ്യക്തമാക്കി. ഐ ഐ ടി ഖരഗ്പൂരിന്റെ 69-ാമത് കോൺവൊക്കേഷനിൽ സംസാരിക്കവെയാണ് പ്രസിഡന്റ് മുർമു ഇക്കാര്യം പറഞ്ഞത്.

സാമൂഹ്യനീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞ മുർമു സാങ്കേതികവിദ്യയിൽ എല്ലാവർക്കും അവകാശങ്ങൾ ഉണ്ടായിരിക്കണമെന്നും പറഞ്ഞു. “എല്ലാവർക്കും സാങ്കേതികവിദ്യയ്ക്കുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗം സമൂഹത്തിലെ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നതിനുപകരം സാമൂഹ്യനീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ആയിരിക്കണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു,” രാഷ്ട്രപതി പറഞ്ഞു.

2030-ഓടെ ഐ ഐ ടി ഖരഗ്പൂർ ലോകത്തെ മികച്ച 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്ന് ഡയറക്ടർ വി കെ തിവാരി പറഞ്ഞു. കോൺവൊക്കേഷനിൽ 3,200 വിദ്യാർത്ഥികൾക്ക് ബിരുദം നൽകിയതായി തിവാരി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ദേശീയ മിഷൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും ഐ എസ് ആർ ഒ, ഡി ആർ ഡി ഒ, ഒഎൻജിസി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.