പെട്രോള്‍ പമ്പ് സമരം: യാത്രാ ഫ്യൂവല്‍സ് 𝟮𝟰 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആർടിസി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

0
116

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ 31-ന് രാത്രി സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കെ എസ് ആര്‍ ടി സിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് കെ എസ് ആര്‍ ടി സി അറിയിച്ചത്. ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്‌, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെ എസ് ആര്‍ ടി സിയുടെ യാത്രാ ഫ്യൂവല്‍സുള്ളത്.

ഡിസംബര്‍ 31ന് രാത്രി എട്ട് മുതല്‍ ജനുവരി 1 പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്. പുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. രാത്രിയിലും മറ്റുമായി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.