പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്ന് ആര്‍ ഡി ഒ, ഉത്തരവ് അം​ഗീകരിക്കാനാകില്ലെന്ന് കൗൺസിലർ: പ്രതിഷേധം ശക്തം

സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

0
204

കൊച്ചി: പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ഫോർട്ടുകൊച്ചിയിലെ വെളിമൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ച് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് വാർഡ് കൗൺസിലർ. ആർ ഡി ഒ ഉത്തരവ് അം​ഗീകരിക്കാൻ കഴിയില്ല. എല്ലാ സർക്കാർ അനുമതിയും നേടിയാണ് ഒരുക്കങ്ങൾ നടത്തിയതെന്നും വാർഡ് കൗൺസിലർ ബനഡിക്റ്റ് വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗം കേൾക്കാതെ ആണ്‌ ഉത്തരവ് എന്നും കൗൺസിലർ ആരോപിച്ചു.

കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് ആർ ഡി ഒയുടെ നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്. എന്നാലിപ്പോൾ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

കൊച്ചിയിലെ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾ പൂർണമാകുന്നത് പപ്പാഞ്ഞിയ്ക്ക് തീകൊളുത്തിയാണ്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം അനുഭവപ്പെട്ട തിരക്ക് കണക്കിലെടുത്താണ് ഇപ്പോൾ വിലക്ക്. ഈ സാഹചര്യങ്ങൾ മുൻകൂട്ടി കാണാതെ ഉത്തരവ് നൽകിയ ശേഷം വിലക്ക് ഏർപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണം.