ചരിത്രം കുറിച്ച വർഷം; സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞു

ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട ആദ്യ വർഷം (2022-23) മാത്രം 1,39,817 സംരംഭങ്ങളാണ് നിലവിൽ വന്നത്. 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലും ആദ്യ വർഷം ഉണ്ടായി.

0
199

12537 കോടി രൂപയുടെ നിക്ഷേപം; 4,30,089 തൊഴിൽ

സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. പദ്ധതി ആരംഭിച്ച 2022 ഏപ്രിൽ 1 മുതൽ ഇന്ന് വരെ (2023 ഡിസംബർ 29) 2,01,518 സംരംഭങ്ങളാണ് സംസ്ഥാനത്ത് പുതുതായി ആരംഭിച്ചത്. ഇതിലൂടെ 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും സൃഷ്ടിക്കപ്പെട്ടു. പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ മൂന്നിലൊന്ന് (64,127) വനിതാ സംരംഭകരുടേതാണ്.

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെട്ട സംരംഭകരുടെ 8,752 സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2022 – 23 സാമ്പത്തിക വർഷം ആവിഷ്കരിച്ച പദ്ധതി എട്ട് മാസത്തിനുള്ളിൽ തന്നെ ലക്ഷ്യം കൈവരിച്ചിരുന്നു. പദ്ധതിയുടെ അഭൂതപൂർവ്വമായ വിജയത്തെത്തുടർന്ന് ഈ സാമ്പത്തികവർഷവും തുടരാൻ തീരുമാനിക്കുകയായിരുന്നു. ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ പദ്ധതിയാണ് സംരംഭക വർഷം.

സംരംഭക വർഷം 2.0 എന്ന പേരിലാണ് ഈ വർഷം പദ്ധതി തുടർന്നത്. ഇതിന്റെ ഭാഗമായി 2023 ഏപ്രിൽ 1 മുതൽ ഡിസംബർ 29, 2023 വരെ 61,678 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട ആദ്യ വർഷം (2022-23) മാത്രം 1,39,817 സംരംഭങ്ങളാണ് നിലവിൽ വന്നത്. 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലും ആദ്യ വർഷം ഉണ്ടായി. സംരംഭക വർഷം പദ്ധതി ലക്ഷ്യം കൈവരിച്ചതിനെത്തുടർന്ന് കൊച്ചിയിൽ നടന്ന സംരംഭക മഹാസംഗമത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പതിനായിരത്തിലധികം സംരംഭകർ ഒന്നിച്ചണിനിരന്നു. കേരളപ്പിറവിക്ക് ശേഷമുണ്ടായ ഏറ്റവും വലിയ സംരംഭക സംഗമമായിരുന്നു അത്.

സംരംഭകർക്കാവശ്യമായ സഹായങ്ങൾ നല്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 1153 പ്രൊഫഷണലുകളെ നിയമിച്ചു. സംസ്ഥാനത്തെ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനും ഒരു ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.

വ്യവസായ വകുപ്പിനു കീഴിൽ ഉള്ള 59 താലൂക്ക് വ്യവസായ കേന്ദ്രങ്ങളെയും എന്റർപ്രൈസ് ഫെസിലിറ്റേഷൻ സെന്ററുകളായി മാറ്റി. എല്ലാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 4% പലിശയ്ക്ക് വായ്പ നൽകുവാൻ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുമായി ചേർന്ന് കേരള എന്റർപ്രൈസസ് ലോൺ സ്കീം (KELS) അവതരിപ്പിച്ചു. എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനായി Open Network for Digital Commerce (ONDC) യുമായി ചേർന്ന് ഒരു ധാരണാപത്രം (MOU) 2023 ജൂൺ 23-ന് ഒപ്പുവച്ചു.

ഇടത്തരം സംരംഭങ്ങളെയും ചെറുകിട വ്യാപാരികളെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വായ്പ/ ലൈസന്സ്/ സബ്സിഡി മേളകൾ നടത്തി. വായ്പാ മേളയുടെ ഭാഗമായി ലഭിച്ച 5556 അപേക്ഷകളിൽ108 കോടി രൂപയുടെ വായ്പകൾ അനുവദിച്ചു. മേളയുടെ ഭാഗമായി 4919 ലൈസൻസുകൾക്കും 1059 സബ്‌സിഡികൾക്കുമുള്ള അപേക്ഷകളും പരിഗണിച്ചു. പുതുതായി ആരംഭിച്ച സംരംഭങ്ങൾക്ക് വിപണി സാദ്ധ്യതകൾ വർധിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും മാർക്കറ്റിങ് മേളകൾ നടത്തി.

സംരംഭക വർഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങളെ വിപുലപ്പെടുത്താൻ കൂടുതൽ പദ്ധതികൾക്ക് വ്യവസായ വകുപ്പ് രൂപം നൽകിയിട്ടുണ്ട്. കേരളത്തിലെ എം.എസ്.എം. ഇ കളിൽ നിന്നും തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്താനുള്ള ‘മിഷൻ 1000’ പദ്ധതി പുരോഗമിക്കുകയാണ്. എംഎസ്എംഇ കൾക്ക് അപേക്ഷിക്കാൻ ഒരു ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. പോർട്ടലിൽ സമർപ്പിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സ്കോറിംഗ് മാനദണ്ഡം അനുസരിച്ച് എംഎസ്എംഇകളെ റാങ്ക് ചെയ്യും.

റാങ്ക് ലിസ്റ്റിൽ നിന്ന് മികച്ച 1000 യൂണിറ്റുകളെ സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കും. സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്ന യൂണിറ്റുകൾക്ക് മൂലധന നിക്ഷേപ സബ്‌സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്‌വെൻഷൻ, ഡിപിആർ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിവിധ പ്രോത്സാഹനങ്ങൾ നല്കും.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി എം.എസ്.എം. ഇ സുസ്ഥിരത പദ്ധതിയും പുരോഗമിക്കുകയാണ്. എംഎസ്എംഇ കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ വേണ്ടി ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ക്യാംപസ് വ്യവസായ പാർക്കുകൾ യാഥാർഥ്യമാക്കുന്നതിനുള്ള പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭൂമി വ്യവസായങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള പബ്ളിക് പഞ്ചായത്ത് പാർട്ട്ണർഷിപ്പ് പദ്ധതി, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള “മെയ്ക് ഇൻ കേരള” പദ്ധതി, ഇൻഡസ്ട്രീസ് അവാർഡ്‌സ് എന്നിവയും സംരംഭക വർഷത്തിന്റെ തുടർച്ചയായി ആവിഷ്കരിച്ച പദ്ധതികളാണ്.

കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സംരംഭക മുന്നേറ്റമാണ് സംരംഭക വർഷം പദ്ധതിയിലൂടെ സാധ്യമായത്. രാജ്യത്തും ഇത്തരമൊരനുഭവം ആദ്യമാണ്. സംരംഭക വർഷം പദ്ധതി സൃഷ്ടിച്ച ആത്മവിശ്വാസം വലിയ വ്യവസായ മുന്നേറ്റത്തിന് വഴി തുറക്കും.