ദില്ലി : ലൈംഗികാതിക്രമാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിൽ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ താരങ്ങൾ പ്രതിഷേധം തുടരുകയാണ്. ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഖേൽരത്നയും അവാർഡുകൾ മടക്കി നൽകി. അർജുന അവാർഡ് ഫലകം കർത്തവ്യപഥിൽ വച്ച് വിനേഷ് മടങ്ങി. ഖേൽ രത്‌ന പുരസ്കാരവും റോഡിൽ വച്ചു.
ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ കുറ്റപ്പെടുത്തി. ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷ സ്ഥാനത്തെത്തിയതിന് പിന്നാലെ ഗുസ്തി താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.