വയോധികൻ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ ; കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയ നിലയിൽ മൃതദേഹം

മോഷണത്തിനിടെയുള്ള കൊലപാതമെന്നാണ്‌ പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇദ്ദേഹത്തിൻറെ കഴുത്തിൽക്കിടന്ന സ്വർണ്ണമാല മോഷണം പോയിട്ടുണ്ട്.

0
153

പത്തനംതിട്ട: മൈലപ്രയിൽ വയോധികനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് കട നടത്തുന്ന ജോർജ് ഉണ്ണുണ്ണി ( 72) ആണ് മരിച്ചത്. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണത്തിനിടെയുള്ള കൊലപാതമെന്നാണ്‌ പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇദ്ദേഹത്തിൻറെ കഴുത്തിൽക്കിടന്ന സ്വർണ്ണമാല മോഷണം പോയിട്ടുണ്ട്.

ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ചുപോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിന് വന്നപ്പോളാണ് മരിച്ച നിലയിൽ കണ്ടത്. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും എടുത്തുമാറ്റിയ നിലയിലാണ്. റോഡിലെയും സമീപത്തെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോർജ്.