‘ അഞ്ചാം ക്ലാസ് വരെ മുസ്ലീം അതുകഴിഞ്ഞ് ഹിന്ദുവും, തന്റെ ജാതകം കണ്ട് ഞെട്ടിപ്പോയി ‘; സലിംകുമാർ

അതില്‍ കൃത്യമായി എഴുതിയിരിക്കുകയാണ് ഞാനൊരു മിമിക്രിക്കാരനാകുമെന്നും സിനിമാക്കാരനാകുമെന്നും ഒക്കെ. ഞാനത് കണ്ട് ഞെട്ടി പോയി.

0
408

മലയാളികളുടെ പ്രിയ നടനാണ് സലീം കുമാര്‍. മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തിയ സലീം കുമാര്‍ ദേശീയ പുരസ്‌കാരം അടക്കം നേടിയ നടനാണ്. മലയാളികള്‍ക്ക് ചിരിയുടെ മാലപ്പടക്കവും കണ്ണീരിന്റെ നീര്‍ച്ചാലുകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന പ്രതിഭയാണ് സലീം കുമാര്‍. ഇന്നും സലീം കുമാറിന്റെ തമാശകള്‍ കടന്നുവരാത്തൊരു ദിവസം മലയാളിയുടെ ജീവിതത്തിലുണ്ടാകില്ല. നടനെന്ന നിലയിൽ സലിം കുമാറിന് അം​ഗീകാരങ്ങൾ ലഭിച്ച് തുടങ്ങിയത് സീരിയസായ വേഷങ്ങൾ ചെയ്തതോടെയാണ്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനം സലിം കുമാർ കാഴ്ച വെച്ചു. അങ്ങനെ കരിയറിലെ മികച്ച സമയത്ത് നിൽക്കവെയാണ് ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം നടൻ സിനിമാ രം​ഗത്ത് നിന്നും മാറുന്നത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വ്യത്യസ്തനാണ് സലീം കുമാര്‍.

എന്നാൽ ഇപ്പോഴിതാ തന്റെ വിശേഷങ്ങൽ പങ്കുവെച്ചുകൊണ്ട് ഒരു ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സലിംകുമാർ എന്ന പേരിനു പിന്നിലെ രസകരമായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങള്‍ തന്റെ പേരിനെ സ്വാധീനിച്ചെന്നാണ് സലീം കുമാര്‍ പറയുന്നത്. അന്ന് സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ മാതാപിതാക്കള്‍ മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകള്‍ ഇടാന്‍ തുടങ്ങി. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് വന്നത്. എന്നാല്‍ ഈ പേരിനൊപ്പം കുമാര്‍ എന്നത് കൂടി വന്നതെങ്ങനെയാണെന്നും താരം വിശദീകരിച്ചു. ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലീം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അവിടെ വച്ച് അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് തന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ താന്‍ മുസ്ലീമായിരുന്നുവെന്നും അഞ്ചാം ക്ലാസിന് ശേഷം താന്‍ വിശാല ഹിന്ദുവായെന്നും നടന്‍ തമാശരൂപേണ പറയുന്നു.

പിന്നീട് തനിക്ക് ജാതകമെഴുതിയതിനു പിന്നിലെ കഥയും സലിംകുമാർ പറ‍ഞ്ഞു. അത് ഇങ്ങനെ ആയിരുന്നു, എട്ട് മക്കളില്‍ ഇളയവനായിട്ടാണ് ഞാന്‍ ജനിച്ചത്. എട്ട് മക്കളായത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ജാതകം എഴുതിയിട്ടില്ല. കാരണം അത്രയും പേര്‍ക്ക് എഴുതാന്‍ ഒത്തിരി കാശ് ആവും. ജാതകം പോയിട്ട് ഞങ്ങള്‍ ജനിച്ച സമയം പോലും അമ്മയ്ക്ക് അറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ മൂത്തമകന്റെ ജാതകം എഴുതിക്കുമ്പോള്‍ എനിക്കുമൊരു ജാതകം വേണമെന്ന് തോന്നി. അങ്ങനെ ഒരു ദിവസം നടന്‍ ജനാര്‍ദ്ദനന്‍ ചേട്ടനെ കണ്ടപ്പോള്‍ എനിക്കിങ്ങനെ ജാതകം എഴുതിക്കണമെന്ന് ആഗ്രഹമുള്ളതിനെ കുറിച്ച് പറഞ്ഞു. അതിനെന്താണ് കംപ്യൂട്ടര്‍ ജാതകമുണ്ട്. കൊടുത്താല്‍ അപ്പോള്‍ കിട്ടുമെന്ന് പുള്ളി പറഞ്ഞു.

1969 ലാണ് ജനനം, കന്നി മാസമാണ്, ആയില്യമാണ് നാളെന്നും പറഞ്ഞു. അങ്ങനെ എനിക്കും കിട്ടി ഒരു ജാതകം. അതില്‍ കൃത്യമായി എഴുതിയിരിക്കുകയാണ് ഞാനൊരു മിമിക്രിക്കാരനാകുമെന്നും സിനിമാക്കാരനാകുമെന്നും ഒക്കെ. ഞാനത് കണ്ട് ഞെട്ടി പോയി. ജാതകത്തിന് ഇത്ര ശക്തിയുണ്ടോന്ന് വിചാരിച്ചു. മോന്റെ ജാതകത്തില്‍ എഴുതിയത് അവന്‍ ശാസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറാവുമെന്ന്. എനിക്കത് കണ്ട് സന്തോഷമായി. അങ്ങനെ ഡോക്ടറാവുമെന്ന് പറഞ്ഞ മോനിപ്പോള്‍ എല്‍എല്‍ബിയ്ക്ക് പഠിക്കുകയാണ്. അന്ന് എന്റെ ജാതകം എഴുതാന്‍ എളുപ്പമായിട്ടുണ്ടാവും. കാരണം സലീം കുമാറിനൊരു ജാതകം വേണമെന്ന് പറഞ്ഞപ്പോള്‍ ഗൂഗിളില്‍ നോക്കിയാല്‍ മതിയല്ലോ എന്ന് നടന്‍ തമാശരൂപേണ പറയുന്നു. എന്തായാലും താരത്തിന്റെ രസകരമായ അഭിമുഖം ഏറ്റെടുത്തിരിക്കുകയാണ് സലിംകുമാർ.