വിതുര: നടുറോഡിൽ ആർമി ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രമം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ചാണ്ടി ഉമ്മൻ നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോ ഓർഡിനേറ്ററുമായ വിതുര തേവിയോട് സ്വദേശി പി എസ് അജീഷ്‌നാഥാണ് അതിക്രമം നടത്തിയത്. വ്യാഴം ഉച്ചയ്‌ക്കാണ് സംഭവം.
അച്ഛന്റെ ആണ്ടുബലി നടത്തി തിരുവല്ലത്തുനിന്ന് കാറിൽ മടങ്ങുകയായിരുന്നു വിതുര ചായം സ്വദേശിയായ ആർമി ഉദ്യോഗസ്ഥനും കുടുംബവും. അലക്ഷ്യമായി തെറ്റായ വശത്തിലൂടെ ഒരു കാർ ഇവരുടെ വാഹനത്തിന് മുമ്പിലുണ്ടായിരുന്നു. മല്ലമ്പ്രകോണത്ത് എത്തിയപ്പോൾ ഇതേ കാർ റോഡരികിൽ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടു. കാറിൽ ആരെന്നറിയാൻ ആർമി ഉദ്യോഗസ്ഥൻ ശ്രമിച്ചപ്പോൾ ഡ്രൈവിങ് സീറ്റിലിരുന്ന് മദ്യപിക്കുന്ന അജീഷിനെ കണ്ടു. നാട്ടുകാരനായ നേതാവിനോട് ഈ പ്രവൃത്തി ശരിയാണോയെന്ന് ചോദിച്ചതോടെ അജീഷ് പുറത്തിറങ്ങി ഇദ്ദേഹത്തെ മർദിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയെയും കുടുംബാംഗത്തെയും അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തു. പിന്നീട് നടുറോഡിൽ വിലങ്ങനെ കിടന്ന് യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചു. കുടുംബം വലിയമല പൊലീസിൽ പരാതി നൽകി.
വൈകിട്ട് വിതുരയിൽ ചേർന്ന കോൺഗ്രസിന്റെ യോഗത്തിലും അജീഷ്നാഥ് മദ്യപിച്ചെത്തി പ്രവർത്തകർക്കു നേരെ കൈയേറ്റം നടത്തി. യോഗത്തിനെത്തിയ ഡിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കളോട് ആർമി ഉദ്യോഗസ്ഥന്റെ കുടുംബത്തെ അജീഷ് ആക്രമിച്ച സംഭവം യോഗത്തിന് മുമ്പേ ധരിപ്പിച്ചിരുന്നു. അജീഷിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. മദ്യപിച്ചെത്തിയ അജീഷ് നാഥിനെ യോഗത്തിൽനിന്ന് പുറത്താക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
ഇതോടെ ഇയാൾ പ്രവർത്തകരെ കൈയേറ്റംചെയ്‌തു. അലങ്കോലപ്പെട്ടതോടെ നേതാക്കൾ യോഗം ഉപേക്ഷിച്ച് പോയി. സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് പ്രവർത്തകർ പരാതി നൽകിയെന്നാണ് അറിയുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ പ്രതിയായ അജീഷ്നാഥ് മുമ്പും സംഘടനയ്‌ക്കുള്ളിൽ നടപടി നേരിട്ടിട്ടുണ്ട്. ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നും ഇയാൾക്കെതിരെ പരാതികളുണ്ട്