സ്മാർട്ടാകാൻ കെഎസ്ആർടിസിയും, ബസുകളിൽ യുപിഐ-ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ

യാത്രക്കാർക്ക് ഈ ബസുകളിൽ യു പി ഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ ആൻ്റ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്. കൂടാതെ പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയുവാനും സാധിക്കും..

0
189

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ യു പി ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, സിറ്റി ബസുകളിൽ പരീക്ഷണം ആരംഭിച്ചതായി കെ എസ് ആർ ടി സി എം ഡി. കെ എസ് ആർ ടി സിയുടെ ടിക്കറ്റിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വരുമാന ചോർച്ച തടയുന്നതിനും വേണ്ടി 2003 മുതൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് സംവിധാനം പ്രയോജനപ്പെടുത്തി വരികയാണ്. 2020 മുതൽ കൂടുതൽ മെച്ചപ്പെട്ട ഗുണഗണങ്ങൾ ഉൾപ്പെടുത്തി MicroFx എന്ന കമ്പനി എംബെഡ്ഡ്ഡ് സംവിധാനമുള്ള ETM മെഷീനുകൾ വഴിയാണ് ടിക്കറ്റ് വിതരണം നടത്തിവരുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാർ പണമിടപാടിനായി കൂടുതലും ഡിജിറ്റൽ പണമിടപാടുകളായ UPI, ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. എന്നാൽ ഏറ്റവും നൂതനവും ആധുനികവുമായ പണമിടപാടുകളായ വിവിധ തരത്തിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾ ഉൾപ്പെട്ട ടിക്കറ്റിംഗ് സംവിധാനമോ യഥാസമയം മൊബൈൽ വഴി യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ അറിയുന്നതിനോ, അവരുടെ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതിനോ വേണ്ട ഒരു ആപ്ലിക്കേഷനോ, ഈ സംവിധാനമുള്ള ETM മെഷീനുകളിൽ സാധിക്കുകയില്ല എന്ന പോരായ്മ നിലവിൽ ഉണ്ട്.

അതിനാൽ ടിക്കറ്റിങ്ങിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്തിയും യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയുന്നതിനും, ബസുകളുടെ യഥാർത്ഥ നിജസ്ഥിതി അറിയുന്ന ഒരു ആപ്ലിക്കേഷനും ഉൾപ്പെടുത്തി പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുകയാണ്. ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി വൈദ​ഗ്ധ്യമുള്ള ഒരു സ്വതന്ത്ര ഏജൻസിയായ കെ ആർ ഡി സി എല്ലിനെ കെ എസ് ആർ ടി സി ചുമതലപ്പെടുത്തുകയും തുടർന്ന് നടത്തിയ ടെണ്ടർ നടപടികൾ മുഖേന ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും ഡിസംബർ 28 മുതൽ പരീക്ഷണാർത്ഥം ആരംഭിക്കും. യാത്രക്കാർക്ക് ഈ ബസുകളിൽ യു പി ഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ ആൻ്റ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്. കൂടാതെ പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയുവാനും സാധിക്കുന്നതാണ്.