സുരക്ഷ പ്രശ്‌നം, 10 ലക്ഷം കിലോമീറ്റര്‍ ഓടിയ ബസുകള്‍ പിന്‍വലിക്കണം; കര്‍ണാടക ആര്‍ടിസിയോട് ഹൈക്കോടതി

പഴയ ബസുകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.

0
185

ബംഗളുരു: പത്തുലക്ഷം കിലോമീറ്ററിലധികം ഓടിയ കർണാടക ആർ.ടി.സി. യുടെ ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കണമെന്ന് ഹൈക്കോടതി. പഴയ ബസുകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. നിശ്ചിത ഇടവേളകളിൽ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാൻ സംവിധാനമൊരുക്കണമെന്നും ആർ.ടി.ഒ.-യിൽനിന്ന് ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് നേടണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു.

ഒരുവർഷം മുമ്പ് ബസിടിച്ച് വിദ്യാർഥികൾ മരിച്ചസംഭവത്തിൽ ശിക്ഷിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർണാടക ആർ.ടി.സി. ഡ്രൈവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പത്തുലക്ഷം കിലോമീറ്റർ പിന്നിട്ട നൂറുകണക്കിന് ബസുകളാണ് കർണാടക ആർ.ടി.സി. സർവീസ് നടത്താനുപയോഗിക്കുന്നത്. നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി.യുടെ കീഴിൽമാത്രം ഇത്തരം 1,300 -ഓളം ബസുകളുണ്ട്.

മറ്റു മേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ബസുകളുടെ കണക്കെടുത്താൽ ഇവയുടെ എണ്ണം ആറായിരത്തോളമാകുമെന്നാണ് വിലയിരുത്തൽ. പഴയ ബസുകൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ ഗതാഗതവകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കണ്ടെത്തലിനെത്തുടർന്ന് തുടർനടപടിയുണ്ടായിരുന്നില്ല.

പഴയ ബസുകൾ പിൻവലിക്കുന്നതനുസരിച്ച് പുതിയ ബസുകൾ ഇറക്കിയില്ലെങ്കിൽ ഗ്രാമീണമേഖലയിലെ യാത്രാദുരിതം അതിരൂക്ഷമാകുമെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഗ്രാമീണ മേഖലകളിലെ ഒരേയൊരു യാത്രാമാർഗമാണ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ.

എന്നാൽ, ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബി.എം.ടി.സി. പഴയ ബസുകൾ ഘട്ടം ഘട്ടമായി പിൻവലിച്ചുവരുകയാണ്. പുതിയ വൈദ്യുതബസുകൾ ഇറക്കുന്നതിനനുസരിച്ചാണ് പഴയ ബസുകൾ ഒഴിവാക്കുന്നത്. പുതിയ ബസുകൾ വാങ്ങാൻ ബി.എം.ടി.സി. ക്കുമാത്രം ഫണ്ടനുവദിക്കുന്നതിൽ നേരത്തേ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങളുയർന്നിരുന്നു.