മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരെ വ്വെച്ചും അദ്ദേഹം സിനിമകൾ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടപ്പെട്ടുന്ന ഓർത്തിരിക്കുന്ന മലയാളത്തിലെ ഒരുപിടി സിനിമകൾ സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. അസോസിയേറ്റ് ഡയറക്ടറായി മലയാളത്തില്‍ തുടക്കം കുറിച്ച അദ്ദേഹം മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമകള്‍ ഒരുക്കിയിരുന്നു. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഉള്ളത്. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഇഷ്ടം എന്ന സിനിമയിൽ നവ്യ നായർ ആദ്യമായി അഭിനയിച്ച അനുഭവം പറയുകയാണ് സിബി മലയിൽ. സിനിമയിൽ എത്തിയപ്പോൾ മുടി മുറിയ്ക്കാനും, സ്ലീവ് ലെസ് ധരിക്കാനുമൊക്കെ നവ്യയ്ക്ക് മടിയായിരുന്നുവെന്ന് സ്ലീവ് ലെസ് ധരിക്കാൻ പറഞ്ഞതിന്റെ പേരിൽ സെറ്റിൽ വെച്ച് കരയുന്ന അനുഭവവും ഉണ്ടായിട്ടുണ്ട് എന്നാണ് സിബി മലയിൽ പറയുന്നത്. നവ്യ സിനിമയിൽ എത്തും മുൻപ് ധന്യ എന്നായിരുന്നു പേര്. ധന്യയെന്ന പേരിൽ ഒരു കുട്ടി ആ സമയത്ത് മലയാള സിനിമയിലുണ്ട്. അതിനാൽ താനാണ് ആ പേര് മാറ്റാൻ നിർദ്ദേശിച്ചത്. അങ്ങനെയാണ് ധന്യ നവ്യ നായരായി മാറിയത്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വന്ന നവ്യക്ക് മോഡേണായ കഥാപാത്രം അഭിനയിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും സിബി മലയിൽ പറയുന്നു.
നവ്യക്ക് ആ സമയങ്ങളിൽ ഒരുപാട് നീളത്തിലുള്ള മുടിയുണ്ട്. അത്രയും നീളത്തിലുള്ള മുടി വിദേശത്ത് നിന്ന് വരുന്ന കുട്ടികൾക്കുണ്ടാകില്ല. മുടി വെട്ടുന്നതിൽ നവ്യക്ക് പ്രയാസമുണ്ടായിരുന്നു. മുടിയല്ലേ, വളർന്ന് വരും, ക്യാരക്ടറിന് വേണ്ടി നമ്മൾ മാറണ്ടേ എന്നൊക്കെ ചോദിച്ചാണ് മുടി മുറിക്കാൻ സമ്മതിച്ചത്. സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിക്കാൻ നവ്യ മടിച്ചെന്നും ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇടില്ലെന്ന് പറഞ്ഞ് കരഞ്ഞെന്നും സിബി മലയിൽ പറയുന്നു. പതുക്കെ അതിനോടൊക്കെ ചേർന്ന് നല്ല രീതിയിൽ നവ്യ കഥാപാത്രത്തെ ചെയ്തു. നല്ലൊരു നർത്തകിയാണ്. മോണോ ആക്ടും മിമിക്രിയുമൊക്കെ ചെയ്യുന്നതിനാൽ അഭിനയം അത്ര ബുദ്ധിമുട്ടുണ്ടായില്ലെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി. ഇഷ്ടത്തിലേക്ക് നടി ജയസുധ എത്തിയതിനെക്കുറിച്ചും സിബി മലയിൽ സംസാരിച്ചു.
മലയാളത്തിൽ നിന്നുള്ള നടി വേണ്ട എന്ന തീരുമാനത്തിലാണ് ജയസുധ എന്ന തെലുങ്ക് നടിയിലേക്ക് എത്തുന്നത്. അവർ നന്നായി ചെയ്തു. നവ്യയുടെ കൂട്ടുകാരിയായി ജ്യോതിർമയിയെ കാസ്റ്റ് ചെയ്തെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ദേവദൂതൻ എന്ന സിനിമയ്ക്ക് ശേഷം ചെയ്യുന്ന സിനിമയാണ് ഇഷ്ടം. ദേവദൂതന്റെ കനത്ത പരാജയം തന്നെ ഏറെ ബാധിച്ചിരുന്നു. ഈ പരാജയത്തിന്റെ ആഘാതത്തിൽ നഷ്ടപ്പെട്ട ഊർജം തിരിച്ച് തന്ന സിനിമയാണ് ഇഷ്ടമെന്നും സിബി മലയിൽ വ്യക്തമാക്കി. അതേസമയം, തിരിച്ച് വരവിൽ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ ചുരുക്കം നായിക നടിമാരിൽ ഒരാളാണ് നവ്യ നായർ. അഭിനയ രംഗത്തും നൃത്തത്തിലും വീണ്ടും സജീവമായ നവ്യ ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു. 2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ചെയ്ത നന്ദനത്തിലെ പ്രകടനം നടിക്ക് കരിയറിൽ വഴിത്തിരിവായി. പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങി ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ നവ്യക്ക് കരിയറിലുണ്ട്.