ഗണേഷ് കുമാർ ‘ഗതാഗതം’ നിയന്ത്രിക്കും: സത്യപ്രതിജ്ഞ ഇന്ന്

ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും തന്നെയാണ് നല്‍കുന്നത്.

0
176

തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാർ ഇനി ഗതാഗത വകുപ്പ് നിയന്ത്രിക്കും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതുതായി മന്ത്രി സഭയിലേയ്ക്ക് എത്തുന്നത്. ഗണേഷ് കുമാർ സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും തന്നെയാണ് നല്‍കുന്നത്.

ഗതാകത വകുപ്പ് ലഭിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നതിന് ശേഷം കെ എസ് ആർ ടി സി യിൽ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെ എസ് ആർ ടി സിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും.

കെ എസ് ആർ ടി സിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രവായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം നവകേരള സദസിനെതിരായ സമരങ്ങൾ എന്തിനെന്ന് വ്യക്തമല്ലെന്നും പറഞ്ഞു.

കെ എസ് ആർ ടി സി റെക്കോഡ് വരുമാനത്തിൽ എത്തിയതായി എം ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒൻപതു കോടി എന്ന നേട്ടം പത്തു കോടിയിലേയ്ക്ക് എത്തിക്കുമെന്നും എം ഡി വ്യക്തമാക്കിയിരുന്നു.