വ്യാജ സർട്ടിഫിക്കറ്റിൽ ജോലി; സൗദിയിൽ നിരവധി പേർ പിടിയിൽ

അക്കാദമിക് യോഗ്യതയും പരിചയവും തെളിയിക്കാൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ, യോഗ്യത നേടിയതെന്ന് ഉദ്യോഗാർഥി അവകാശപ്പെടുന്ന അക്കാദമിക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് സാധുത പരിശോധന നടത്തുന്നത്.

0
189

റിയാദ്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി അറേബ്യയിൽ അകൗണ്ടൻസി രംഗത്ത് ജോലി നേടിയ നിരവധി പേർ പിടിയിൽ. സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആൻഡ് പ്രഫഷനൽ അക്കൗണ്ട്സാണ് (എസ് ഒ സി പി എ) ഇവരുടെ സർട്ടിഫിക്കറ്റുകൾ വ്യജനാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് നിയമാനുസൃതം ജോലി ചെയ്യാനുള്ള ക്രമപ്പെടുത്തലിൻറെ ഭാഗമായി ഓർഗനൈസേഷനിൽ രജിസ്ട്രേഷൻ നേടണം.

അതിനുവേണ്ടി സമർപ്പിച്ച അപേക്ഷകളിന്മേൽ അക്കാദമിക് യോഗ്യതാ പരിശോധന നടത്തിയപ്പോഴാണ് നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ജോലിയിൽ തുടരുന്നതെന്ന് മനസിലാക്കിയത്. ഉടൻ ഈ ആളുകളുടെ അപേക്ഷ നിരസിക്കുകയും ശിക്ഷാനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

അക്കൗണ്ടൻറ്, ഓഡിറ്റർ പോലുള്ള വിവിധ തസ്തികകളിൽ ജോലി ചെയ്തുവന്നവരാണ് ഇവർ. അക്കാദമിക് യോഗ്യതയും പരിചയവും തെളിയിക്കാൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ, യോഗ്യത നേടിയതെന്ന് ഉദ്യോഗാർഥി അവകാശപ്പെടുന്ന അക്കാദമിക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് സാധുത പരിശോധന നടത്തുന്നത്. അതുകൊണ്ട് തന്നെ പഴുതടച്ചതാണ് നടപടി. വ്യാജനാണെങ്കിൽ കൈയ്യോടെ പിടിക്കപ്പെടും. കടുത്ത നിയമനടപടിയും ശിക്ഷയും നേരിടേണ്ടി വരും.

വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗവും രജിസ്ട്രേഷനുവേണ്ടിയുള്ള സമർപ്പണവും ഇല്ലാതാക്കുന്നതിനും അതോറിറ്റിക്ക് ലഭിക്കുന്ന രേഖകളുടെയും വിവരങ്ങളുടെയും സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കർശനമായ നടപടികൾ കൈക്കൊണ്ട് ഒാർഗനൈസേഷെൻറ പ്രവർത്തനത്തിെൻറ സുതാര്യതയും സമഗ്രതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്.