‘ ബി​ഗ്ബോസ് ഷോ എഡിറ്റ് ചെയ്ത് ആളുകളെ പറ്റിക്കലാണ്, സാബുവിനെ ശരിക്കും അടിച്ചിരുന്നു ‘ ; ബി​ഗ്ബോസ് അനുഭവം പങ്കുവെച്ച് ഹിമ ശങ്കർ

ശരിക്കും ഞാന്‍ അദ്ദേഹത്തെ അടിക്കുന്നുണ്ട്. കൈ ഉളുക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രതികരണം എന്ന രീതിയിലാണ് പിടിച്ചത്.

0
481

മലയാളികളുടെ എല്ലായിപ്പോഴുമുള്ള ഒരു ഫേവറേറ്റ് ഷോ ആണ് ബി​ഗ് ബോസ്. നമ്മുടെ ഇഷ്ട താരങ്ങൾ അവരുടെ പച്ചയായ ജീവിത ശൈലി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ഷോ. ബി​ഗ് ബോസിലൂടെ കടന്ന് വന്ന് പിന്നീട് പ്രക്ഷക സ്വീകാര്യത ഇരട്ടിയായ താരങ്ങളും ഉണ്ട്. മലയാളത്തില്‍ അഞ്ച് സീസണുകളാണ് ബിഗ് ബോസ് പിന്നിട്ടിരിക്കുന്നത്. ഇപ്പോഴിതാ ആറാമത്തെ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എല്ലാ സീസണിനും വലിയ ജനസ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ബി​ഗ് ബോസ് സീസൺ വൺ ഒരു സ്പെഷ്യൽ തന്നെയായിരുന്നു. മലയാളത്തിൽ മുൻ നിരയിൽ നിൽക്കുന്ന ശ്വേതാ മേനോൽ ഉൾപ്പെടെയുള്ള പല സെലിബ്രിറ്റികളും പങ്കെടുത്ത സീസൺ ആയിരുന്നു അത്.

അതേസമയം, സാബുമോന്‍ ആയിരുന്നു ആദ്യ സീസണിലെ വിജയി. സാബുവുമായുണ്ടായ അടിയുടെ പേരില്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന പേരാണ് ഹിമ ശങ്കറിന്റേത്. ബിഗ് ബോസില്‍ വച്ച് ഹിമയുടെ കഴുത്തിന് സാബു കുത്തിപ്പിടിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനെക്കുറിച്ചും അന്ന് സാബുവുമായുണ്ടായ വഴക്കിനെക്കുറിച്ചുമൊക്കെ ഹിമ ശങര്‍ മനസ് തുറക്കുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിമ ശങ്കര്‍ മനസ് തുറന്നത്. ബിഗ് ബോസില്‍ കണ്ടത് പോലെ തന്നെയാണോ ജീവിതത്തിലും ഹിമ എന്ന ചോദ്യത്തിനാണ് താരം മനസ് തുറന്നത്. ഒരിക്കലുമല്ല. ഞാന്‍ വര്‍ത്തമാനം പറയുന്ന ആളാണ്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ധൈര്യമായി ചോദിക്കുന്ന ആളാണ് എന്നാണ് ഹിമ പറയുന്നത്.

ബിഗ് ബോസില്‍ അവര്‍ക്ക് എന്ത് ക്യാരക്ടര്‍ ആണോ വേണ്ടത് അത് കിട്ടിയാലേ അവര്‍ ഇടൂ. നമ്മള്‍ 99 ശതമാനവും പോസിറ്റീവ് ആണെങ്കിലും അവര്‍ക്ക് അത് വേണ്ടെങ്കില്‍ അവര്‍ ആ ഹിമയെ കാണിക്കില്ല. അവര്‍ എന്താണോ ആവശ്യം, അതേ കൊടുക്കൂ. അഞ്ച് ശതമാനമേ ഞാന്‍ അതില്‍ വഴക്കുണ്ടാക്കിയിട്ടുള്ളൂ. ഈ അഞ്ച് അവര്‍ നൂറ് ശതമാനമാക്കിയിട്ടായിരിക്കും കാണിക്കുകയെന്നാണ് ഹിമ പറയുന്നത്. ബാക്കി 95 ശതമാനം പോസിറ്റീവ് ആയാലും അത് അവര്‍ക്ക് വേണ്ട. അങ്ങനൊരു ക്യാരക്ടര്‍ പോട്രെയില്‍ അവരുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ട് എന്നും ഹിമ പറയുന്നു. ആരൊക്കെ എങ്ങനൊക്കെയാണെന്ന് അവര്‍ക്ക് ഐഡിയയുണ്ട്. നമ്മള്‍ ഒരു ഐഡിയയുമില്ലാതെയാണ് ചെന്നു കയറുന്നത്. എനിക്ക് പറ്റുന്നൊരു കാര്യമല്ല ബിഗ് ബോസെന്നും ഹിമ പറയുന്നു.

പിന്നാലെയാണ് സാബുവുമായുണ്ടായ അടിയെക്കുറിച്ച് ഹിമ സംസാരിക്കുന്നത്. ശരിക്കും ഞാന്‍ അദ്ദേഹത്തെ അടിക്കുന്നുണ്ട്. കൈ ഉളുക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രതികരണം എന്ന രീതിയിലാണ് പിടിച്ചത്. പക്ഷെ പ്രൊജക്ട് ചെയ്ത് വന്നത് മൊത്തെം പിടിക്കുന്നതാണ്. അടിക്കുന്നത് കാണിച്ചില്ല. അവര്‍ക്ക് എന്താണോ മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടത് അതാണ് വന്നത്. പിന്നീട് പുള്ളി എന്റെ കൈ ഉളുക്കി നീ ഉഴിഞ്ഞ് തരണം എന്നൊക്കെ പറഞ്ഞ് വരുന്നുണ്ട്. ഇതൊന്നും അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെട്ടില്ല. അവര്‍ക്ക് എന്താണോ ആവശ്യം അത് കാണിച്ചു. അതായത് എഡിറ്റ് ചെയ്ത് ആളുകളെ പറ്റിക്കലാണെന്നും ഹിമ പറയുന്നു.

അതുപോലെ തന്നെ ഞാന്‍ കത്തിയെടുക്കുന്ന ഒരു രംഗമുണ്ട്. എന്റെ ബാക്ക് ഷോട്ടാണ്. മുമ്പില്‍ ഞാന്‍ ചിരിക്കുകയാണ്. എന്തുവാടേ എന്നൊക്കെ പറഞ്ഞ്. പക്ഷെ ബാക്ക് ഷോട്ട് എടുത്ത് ഭയങ്കര ബിജിഎം ഒക്കെയിട്ട് വരുമ്പോള്‍ ഞാന്‍ എന്തോ കുത്താന്‍ പോകുന്നത് പോലെയാകും. അങ്ങനെ കുറേ സാധനങ്ങള്‍ അവര്‍ എഡിറ്റ് ചെയ്ത് മാറ്റുന്നുണ്ട്. അത് ആ ഷോയുടെ സ്വഭാവമാണ്. നമുക്ക് ഒന്നും പറയാനാകില്ല. നമ്മള്‍ ചെന്ന് കയറിക്കൊടുത്താല്‍ പിന്നൊന്നും പറയാനാകില്ലെന്നും ഹിമ പറയുന്നു. അതേസമയം, തനിക്ക് അധികം നെഗറ്റീവ് പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല എന്നും ഹിമ പറയുന്നു.