ഒരു കാലത്ത് തമിഴ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു നടൻ വിജയകാന്ത്. അഭിനയത്തിന് പുറമെ സംവിധായകനായും നിർമാതാവായും തിളങ്ങാൻ വിജയകാന്തിന് സാധിച്ചു. എന്നാൽ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വിജയകാന്തിന്റെ വിയോഗ വാർത്ത പുറത്ത് വന്നത്. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഡികെ അറിയിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.
തൊണ്ണൂറുകളിലെ തമിഴിലെ സൂപ്പർതാരമായിരുന്നു വിജയകാന്ത്. പുറച്ചി കലൈഗർ എന്നാണ് ആരാധകർക്കിടയിൽ വിജയകാന്ത് അറിയപ്പെട്ടിരുന്നത്. ഇതുവരെ 154 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചു. ചെറിയ ബജറ്റിലുള്ള സിനിമകൾ ചെയ്ത് സാമ്പത്തിക വിജയം നേടുന്നതായിരുന്നു വിജയകാന്തിന്റെ രീതി. പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയെങ്കിലും അദ്ദേഹത്തിനുള്ള ജനപ്രീതിയിൽ യാതൊരു കുറവും വന്നിരുന്നില്ല. 1979 ൽ ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആയിരുന്നു വിജയകാന്തിന്റെ അരങ്ങേറ്റം. പിന്നീട് സട്ടം ഒരു ഇരുട്ടറെെ എന്ന സിനിമയ്ക്ക് ശേഷമാണ് വിജയകാന്ത് പ്രശസ്തിയിലേക്ക് ഉയരുന്നത്. എന്നാൽ തുടക്കകാലത്ത് ഒരുപാട് അവഗണകൾ വിജയകാന്തിന് നേരിടേണ്ടി വന്നിരുന്നു. സാധാരണ നായക നടൻമാരിൽ കണ്ടു വരുന്ന സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നടനെ പലരും മാറ്റി നിർത്തി. എന്നാൽ പിന്നീട് ഹിറ്റുകൾ സമ്മാനിച്ച് വിജയകാന്ത് മുന്നേറുകയായിരുന്നു.
തമിഴിലെ സൂപ്പർ നായികമാരുടെയെല്ലാം നായകനായി വിജയകാന്ത് എത്തി. നിരവധി ഹിറ്റ് കോംബോകളും അങ്ങനെ ഉണ്ടായി. അത്തരത്തിലൊരു കോംബോ ആയിരുന്നു വിജയകാന്തും രാധികയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചാൽ ആ സിനിമ ഹിറ്റാകും എന്നതായിരുന്നു ഒരുകാലത്തെ വിശ്വാസം. അങ്ങനെ ഒരുപിടി ഹിറ്റുകൾ ഇവർ സമ്മാനിക്കുകയും ചെയ്തു. ഇടക്കാലത്ത് ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നിരുന്നു. വിവാഹത്തിനായി ഇരുവരും തയ്യാറെടുത്തെങ്കിലും വിവാഹം നടന്നില്ല. ഇപ്പോഴിതാ വിവാഹത്തിലെത്തിയ രാധിക-വിജയകാന്ത് പ്രണയം തകരാനുള്ള കാരണത്തെ കുറിച്ച് തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു അടുത്തിടെ പറയുകയുണ്ടായി. ആ വെളിപ്പെടുത്തൽ വീണ്ടും ശ്രദ്ധനേടുകയാണ്.
തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ഇബ്രാഹിം റാവുത്തറാണ് വിവാഹത്തിലേക്ക് എത്തിയ ഇവരുടെ പ്രണയം തകരാൻ കാരണക്കാരനായതെന്നാണ് ചെയ്യാറു ബാലു പറയുന്നത്. ‘വിജയകാന്തിന് പേടിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒരു ഗോസിപ്പുകൾക്കും ചെവി കൊടുത്തിരുന്നില്ല. അതിനിടെ ഇബ്രാഹിം റാവുത്തറാണ് വിജയകാന്തിനെയും രാധികയെയും വേർപെടുത്തിയത്. റാവുത്തറായിരുന്നു എല്ലാ കാര്യങ്ങളിലും വിജയകാന്തിന് ഉപദേശം നൽകിയിരുന്നത്. റാവുത്തറുടെ നിർദ്ദേശ പ്രകാരം വിജയകാന്താണ് രാധികയോട് വിവാഹത്തിന് ഇല്ലെന്ന് പറഞ്ഞത്,’.
‘രണ്ടുപേരും സിനിമയിൽ ഉള്ളത് കൊണ്ടാകും റാവുത്തർ ആ വിവാഹം വേണ്ടെന്ന് ഉപദേശിച്ചതെന്നാണ് വിജയകാന്ത് കരുതിയത്. എന്നാൽ വിജയകാന്തിനെ ഒരു മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു റാവുത്തറുടെ ഉദ്ദേശം. നടനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും റാവുത്തർ ആണ്. അതിനാൽ തന്നെ രാധിക നടന്റെ ജീവിതത്തിലേക്ക് വന്നാൽ എല്ലാം മാറുമെന്ന് റാവുത്തർ കരുതി,’ അതേസമയം ‘വിജയകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയത് രാധികയെ വിഷമിപ്പിച്ചിരുന്നു. പിന്നീട് വിജയകാന്ത് പ്രേമലതയെ വിവാഹം കഴിച്ചു, മാത്രമല്ല അതുവരെ തന്റെ അടുത്ത സുഹൃത്തും ഉപദേശകനുമായ റാവുത്തറിൽ നിന്ന് അകലുകയും ചെയ്തു’ എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.