പ്രശസ്‍ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

മുപ്പത് വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്ന പ്രശാന്ത് നാരായണൻ ഒരേ സമയം നടനായും സംവിധായകനായും തിളങ്ങി.

0
422

തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്താണ് അന്ത്യം സംഭവിച്ചത്. മുപ്പത് വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്ന പ്രശാന്ത് നാരായണൻ ഒരേ സമയം നടനായും സംവിധായകനായും തിളങ്ങി.

മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു. നാടകത്തെ കൂടാതെ സിനിമയിലും പ്രശാന്ത് നാരായണൻ അഭിനയിച്ചിട്ടുണ്ട്.

നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ് പ്രശാന്ത് നാരായണൻ. 2003ൽ കേരള സംഗീത അക്കാദമിയുടെ മികച്ച നാടകരചനയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. പതിനേഴാം വയസില്‍ ഭാരതാന്തം എന്ന പേരില്‍ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.

മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക, ചിത്രലേഖ, കറ, അരചചരിതം തുടങ്ങി മുപ്പതോളം നാടകങ്ങള്‍ എഴുതി. നിഴൽ എന്ന സിനിമയിലും അഭിനയിച്ചു. തിരുവനന്തപുരത്തെ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് പ്രശാന്ത് നാരായണന്‍റെ ജനനം. കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരാണ് അച്ഛന്‍.