ഗവർണർ ഇന്ന് തലസ്ഥാനത്ത്; പ്രതിഷേധത്തിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് എസ് എഫ് ഐ

0
188

തിരുവനന്തപുരം : ഗവർണർ ഇന്ന് ദില്ലിയിൽ നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. അതേസമയം ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐയുടെ അറിയിപ്പ്. ഗവർണർ തിരിച്ചെത്തുമ്പോൾ പ്രതിഷേധത്തിന് സാധ്യതയുണ്ട്. കേരള സ‍ർവകലാശാല സിൻണ്ടിക്കേറ്റ് യോഗം ഇന്ന് ചേരും.

സർവകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം. ഇത് യോഗത്തിൽ ചർച്ചയാകും. ഗവർണർക്കെതിരായ ബാനർ നീക്കണമെന്നാണ് വി സിയുടെ ആവശ്യം. എന്നാൽ ബാനർ നീക്കാനാകില്ലെന്നും, ഇത് വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യമെന്നുമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. ഇതിനെ ചൊല്ലി ഇന്നത്തെ യോഗത്തിലും തർക്കത്തിന് സാധ്യതയുണ്ട്. കേരള സെനറ്റിലേക്കുളള ഗവർണറുടെ നോമിനേഷനെതിരെയും വിമർശനം ഉയർന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.

വിദ്യാർത്ഥികളെയും അവരുടെ പ്രതിഷേധ പരിപാടികളെയും വെല്ലുവിളിച്ചാണ് ഗവർണർ കഴിഞ്ഞതവണ കോഴിക്കോട് നിന്ന് തിരികെ പോയത്. ഗവർണറുടെ ഭീഷണികൾക്ക് മുൻപിൽ വഴങ്ങുകയോ പേടിക്കുകയോ ഇല്ലെന്ന ഉറച്ച നിലപാടിലാണ് എസ്എഫ്ഐ.