ശാരിയെ കൊന്നത് സംശയത്തിൻ്റെ പേരിൽ; മദ്യം നൽകിയ ശേഷം കെട്ടിത്തൂക്കാൻ ശ്രമം, ഭർത്താവ് പിടിയിലായത് പഴുതടച്ച അന്വേഷണത്തിൽ

ഭാര്യ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചെന്നും ഷാൾ മുറിച്ചാണ് താഴെയിറക്കിയതെന്നും പറഞ്ഞാണ് ഇയാൾ ശാരിയെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.

0
105

കൊച്ചി: ഭാര്യ തൂങ്ങി മരിക്കാൻ ശ്രമിച്ചെന്നു പറഞ്ഞാണ് ഷൈജു ശാരിയെ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡോക്ടർ ഉന്നയിച്ച ചില സംശയങ്ങളുമാണ് അന്വേഷണം ഷൈജുവിലേയ്ക്ക് എത്താൻ കാരണമായത്. പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ ചോറ്റാനിക്കരയിലെ 37-കാരി ശാരിയുടെ മരണം ഭര്‍ത്താവ് നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞു. എരുവേലിയില്‍ പാണക്കാട്ട് വീട്ടിൽ ഷൈജു (37) വിനെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തിലാണ് പ്രിയപ്പെട്ടവരെ വിട്ട് ശാരി മരണത്തിന് കീഴടങ്ങുന്നത്. ഭാര്യ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചെന്നും ഷാൾ മുറിച്ചാണ് താഴെയിറക്കിയതെന്നും പറഞ്ഞാണ് ഇയാൾ ശാരിയെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയെ സംശയത്തിന്റെ പേരിൽ ഷൈജു കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 25-ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടർന്ന് അവശനിലയിലായ ശാരിയുടെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി. മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേർത്ത് അമർത്തി. ശാരി ജീവനൊടുക്കിയതാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോഴാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിച്ചത്.

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവ സ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിർണായകമായി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പുത്തൻകുരിശ് ഡി വൈ എസ് പി ടി ബി വിജയൻ, ഇൻസ്പെക്ടർമാരായ കെ പി ജയപ്രസാദ്, കെ ജി ഗോപകുമാർ, ഡി എസ് ഇന്ദ്ര രാജ്, വി രാജേഷ് കുമാർ, എ എസ് ഐ ബിജു ജോൺ, സി പി ഒ രൂപഷ്തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.