കനത്ത മൂടൽമഞ്ഞ്: ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ട്രെയിനുകൾ വൈകും

താപനിലയിലെ പെട്ടെന്നുള്ള ഇടിവ് കാരണം ഡൽഹിയിൽ നിന്ന് വരുന്നതും പുറപ്പെടുന്നതുമായ നിരവധി വിമാനങ്ങളും ട്രെയിനുകളും വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തിട്ടുണ്ട്.

0
256

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളെയും ബുധനാഴ്ച വൈകുന്നേരത്തോടെ മൂടൽമഞ്ഞ് പൂർണമായും മൂടി. റോഡുകളിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ, രാത്രിയിലും അതിരാവിലെയും വളരെ സാന്ദ്രമായ മൂടൽമഞ്ഞ് ഡൽഹിയെ പൂർണമായും വിഴുങ്ങാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് പറയുന്നു.

ഇന്ത്യാ ഗേറ്റ്, സൗത്ത് എക്സ്റ്റൻഷൻ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ കനത്ത മൂടൽമഞ്ഞിന്റെ സാന്നിധ്യം കാണുന്നുണ്ട്. പലയിടത്തും താപനില കുറവാണ്. വരും ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. ഡൽഹി നഗരത്തിലെ വ്യാഴാഴ്ചയിലെ ഏറ്റവും കൂടിയ താപനില 21 ഡിഗ്രി സെൽഷ്യസും. കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസായി മാറുമെന്ന് ഐ എം ഡി പ്രവചിക്കുന്നു.

ബുധനാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില 7.8 ഡിഗ്രി സെൽഷ്യസായിയിരുന്നു. അതിരാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞ് വിമാന, ട്രെയിൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡയിലും ഗ്രേറ്റർ നോയിഡയിലും സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

താപനിലയിലെ പെട്ടെന്നുള്ള ഇടിവ് കാരണം ഡൽഹിയിൽ നിന്ന് വരുന്നതും പുറപ്പെടുന്നതുമായ നിരവധി വിമാനങ്ങളും ട്രെയിനുകളും വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തിട്ടുണ്ട്. കൂടാതെ മോശം കാലാവസ്ഥ കാരണം ഡൽഹിയിലേക്കുള്ള വിസ്താര വിമാനം ഇൻഡോറിലേക്ക് തിരിച്ചുവിട്ടു.

ദീർഘനേരമുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി വിമാനത്തിന്റെ വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ ഡൽഹി എയർപോർട്ട് യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം ട്രെയിനുകൾ വൈകിയതോടെ നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തി.

“കനത്ത മൂടൽമഞ്ഞ് ഡൽഹി എയർപോർട്ടിലെ ഏകദേശം 110 ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളുടെ വരവിനേയും പുറപ്പെടലിനേയും ബാധിച്ചിട്ടുണ്ട്.” – ഡൽഹി എയർപോർട്ട് ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം പറഞ്ഞു.