കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 750 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ സമര്‍പ്പിച്ചത്. സംഭവത്തിൽ 2 നഴ്സുമാരും 2 ഡോക്ടറർമാരും പ്രതികളെന്ന് കുറ്റപത്രത്തിൽ പറയുന്നു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികൾ.
40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തിൽ ഉണ്ട്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 2017 ൽ നടത്തിയ എംആർഐ സ്കാനിങ് ആണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കുറ്റപത്രം സമർപ്പിച്ചതിൽ വളരെ അധികം സന്തോഷം തോന്നുന്നുവെന്ന് ഹർഷിന പ്രതികരിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതിപൂർണ്ണമാകുന്നുള്ളൂ . നിയമപോരാട്ടം തുടരുമെന്നും ഹർഷിന വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വേണ്ടവിധം പിന്തുണ ലഭിച്ചില്ലെന്നും ഇനി ഒരാൾക്കും ഇത്രയും ഗതികേട് ഉണ്ടാകരുതെന്നും ഹർഷിന പറഞ്ഞു.