ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ ചോദ്യം ചെയ്യൽ ഇന്ന് ; ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂര പീഡനം, മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്

ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റു തുടങ്ങിയിരുന്നു.

0
170

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹ്നയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹ്നയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. ഷഹ്നയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇന്ന് ഷഹ്നയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷഹ്നയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹ്ന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇന്നലെ ഭർതൃവീട്ടിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് നൗഫൽ ആവശ്യപ്പെട്ടു. തുട‍ര്‍ന്ന് ഭര്‍ത്താവ് നൗഫൽ, ഷഹ്നയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഷഹ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത് ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റു തുടങ്ങിയിരുന്നു. ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)